News

വ്യവസായ മേഖലയുടെ തരംതിരിക്കല്‍; ഏകീകൃത ചട്ടക്കൂട് സെബി പുറത്തിറക്കി

ന്യൂഡല്‍ഹി: റേറ്റിംഗിനും, ഗവേഷണങ്ങള്‍ക്കുമായി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളുടെ ഉപയോഗത്തിന് (സിആര്‍എ) വ്യവസായ മേഖലയുടെ തരംതിരിക്കല്‍ ക്രമപ്പെടുത്തി ഒരു ഏകീകൃത ചട്ടക്കൂട് സെബി പുറത്തിറക്കി. 2022 ഒക്ടോബര്‍ 1 മുതല്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ക്ക് ഈ തരംതിരിക്കല്‍ ബാധകമാകുമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ സര്‍ക്കുലറില്‍ പറഞ്ഞു. സെക്ടറുകളിലും, സെക്യൂരിറ്റീസ് മാര്‍ക്കറ്റിലും ഉപയോഗിക്കുന്ന തരംതിരിക്കലുകള്‍ ഏകോപിപ്പിക്കാന്‍ ഈ സംവിധാനം സഹായിക്കും.

സെബി രൂപീകരിച്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റിയായ മാര്‍ക്കറ്റ് ഡാറ്റ അഡൈ്വസറി കമ്മിറ്റി (ങഉഅഇ) നിലവിലുള്ള തരംതിരിക്കല്‍ ഘടനകള്‍ പരിശോധിച്ച ശേഷം, സെക്യൂരിറ്റീസ് മാര്‍ക്കറ്റിലെ എല്ലാ പ്രക്രിയകള്‍ക്കും, ഉദ്ദേശ്യങ്ങള്‍ക്കും വേണ്ടി നാലു ഘട്ടങ്ങളുള്ള ഏകീകൃത തരംതിരിക്കല്‍ ചട്ടക്കൂട് വികസിപ്പിച്ചെടുത്തു. സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍, ഡിപ്പോസിറ്ററികള്‍, മറ്റ് വിപണി പങ്കാളികള്‍ എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നു.

മാക്രോ ഇക്കണോമിക് സൂചകങ്ങള്‍, മേഖലകള്‍, വ്യവസായങ്ങള്‍, അടിസ്ഥാന വ്യവസായങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ സെബി വ്യവസായങ്ങളെ തരംതിരിച്ചിട്ടുണ്ട്. അതേസമയം, ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ക്ക് റേറ്റിംഗ് സ്‌കെയിലുകള്‍ വിന്യസിക്കുന്നതിനുള്ള സമയപരിധി 2022 ജൂണ്‍ 30 വരെ സെബി നീട്ടിയിട്ടുണ്ട്.

Author

Related Articles