News

അക്കൗണ്ടില്‍ പണമില്ല; ഓട്ടോ ഡെബിറ്റ് വഴിയുള്ള ഇപാടുകള്‍ വന്‍തോതില്‍ മുടങ്ങുന്നു

പണമില്ലാത്ത കാരണത്താല്‍ ഓട്ടോ ഡെബിറ്റ് വഴിയുള്ള ഇപാടുകള്‍ വന്‍തോതില്‍ മുടങ്ങുന്നു. രാജ്യത്തെ വിവിധയിടങ്ങളില്‍ ലോക്ഡൗണ്‍ തുടരുന്നതിനാല്‍ ബാങ്ക് അക്കൗണ്ടുകളില്‍ പണമില്ലാത്തതാണ് കാരണം. മെയ് മാസത്തില്‍ 8.57 കോടി ഇടപാടുകളാണ് നടക്കേണ്ടയിരുന്നത്. എന്നാല്‍ 3.08 കോടി (35.91ശതമാനം) ഇടപാടുകള്‍ക്ക് തടസ്സം നേരിട്ടതായി നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസി(എന്‍എസിഎച്ച്)ന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഏപ്രിലില്‍ മടങ്ങിയ ഇടപാടുകള്‍ 2.98 കോടിയായിരുന്നു. പ്രതിമാസ വായ്പ തിരിച്ചടവ്, യൂട്ടിലിറ്റി ബില്ലുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയം, മ്യൂച്വല്‍ ഫണ്ട് എസ്ഐപി തുടങ്ങിയവയ്ക്കാണ് ഉപഭോക്താക്കളുടെ സൗകര്യപ്രകാരം ഓട്ടോ ഡെബിറ്റ് സംവിധാനം വഴി പണം പിന്‍വലിക്കാന്‍ മുന്‍കൂര്‍ അനുമതി നല്‍കുന്നത്.

നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ വഴിയാണ് ഇടപാടുകള്‍ സാധ്യമാകുന്നത്. കഴിഞ്ഞ വര്‍ഷം മെയ്, ജൂണ്‍, ജൂലായ് മാസങ്ങളില്‍ ഇടപാട് മടങ്ങുന്നത് വര്‍ധിച്ചിരുന്നുവെങ്കിലും പിന്നീടുള്ള മാസങ്ങളില്‍ ഘട്ടംഘട്ടമായി കുറവ് രേഖപ്പെടുത്തിയിരുന്നു. പണമില്ലാതെ മടങ്ങിയാല്‍ ഓരോ ഇടപാടിനും അക്കൗണ്ട് ഉടമകളില്‍ നിന്ന് ബാങ്കുകള്‍ പിഴയീടാക്കും.

Author

Related Articles