News

റഷ്യ-ഉക്രൈന്‍ സംഘര്‍ഷം: വിപണിയില്‍ വന്‍ ഇടിവ്; നിമിഷങ്ങള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് നഷ്ടം 6 ലക്ഷം കോടി രൂപ

റഷ്യ-ഉക്രൈന്‍ സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കേ വിപണി തുറന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 6 ലക്ഷം കോടിയോളം രൂപ. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ വിപണി മൂലധനത്തില്‍ ഉണ്ടായിരിക്കുന്നത് 6.03 ലക്ഷം കോടി രൂപയുടെ ഇടിവാണ്. ഇതോടെ കഴിഞ്ഞ ദിവസത്തെ 257.39 ലക്ഷം കോടി രൂപയില്‍ നിന്ന് ആകെ മൂല്യം 251.36 ലക്ഷം കോടി രൂപയായി ഇടിഞ്ഞു.

സെന്‍സെക്സ് 922 പോയിന്റ് ഇടിഞ്ഞ് 56,760 പോയിന്റിലും നിഫ്റ്റി 302 പോയിന്റ് ഇടിഞ്ഞ് 16903 പോയിന്റിലുമാണ്. മിഡ്കാപ്, സ്മോള്‍ കാപ് ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടതും വിപണിയെ ബാധിച്ചു. മിഡ്കാപ് സൂചിക 397 പോയിന്റും സ്മോള്‍കാപ് സൂചിക 542 പോയിന്റും ഇന്ന് തുടക്കത്തില്‍ തന്നെ ഇടിഞ്ഞു.

എല്‍&ടി, ടിസിഎസ്, ഡോ റെഡ്ഡീസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയവയുടെ ഓഹരി വിലയില്‍ മൂന്ന് ശതമാനത്തോളം ഇടിവുണ്ടായി. 19 ബിഎസ്ഇ സെക്ടറല്‍ സൂചികകളും നഷ്ടം രേഖപ്പെടുത്തിയിരിക്കുകയാണ്. ബാങ്ക് സൂചിക 732 പോയിന്റ് ഇടിഞ്ഞ് 42400 ലും ഐറ്റി സൂചിക 708 പോയിന്റ് നഷ്ടപ്പെട്ട് 33459 പോയിന്റിലുമാണ്. 355 ഓഹരികളുടെ വില വര്‍ധിച്ചപ്പോള്‍ 2413 ഓഹരികളുടെ വില താഴേക്കാണ്. ഏതാണ്ട് എല്ലാ മേഖലകളിലെയും ഓഹരികള്‍ നിക്ഷേപകര്‍ വ്യാപകമായി വിറ്റൊഴിഞ്ഞതോടെ ഇന്നലെ ഓഹരി സൂചികകള്‍ തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ് രേഖപ്പെടുത്തിയിരുന്നു.

Author

Related Articles