News

ചിപ്പ് ക്ഷാമം രൂക്ഷം; സ്മാര്‍ട്ട്‌ഫോണ്‍, വാഹന ഉല്‍പ്പാദനം പ്രതിസന്ധിയില്‍

മുംബൈ: ആഗോള വിപണിയില്‍ രൂക്ഷമായ അര്‍ധചാലക-ചിപ്പ് ക്ഷാമം രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍, ലാപ്ടോപ്പ്, ഗാര്‍ഹികോപകരണ, വാഹന ഉത്പാദനത്തിന് തിരിച്ചടിയാകുന്നു. കോവിഡ് രണ്ടാംതരംഗം തടയാനേര്‍പ്പെടുത്തിയ ലോക് ഡൗണുകളില്‍ അയവുവന്നതോടെ ഇവയുടെ വില്‍പ്പന ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, അതിനനുസരിച്ച് ഉത്പാദനം നടത്താന്‍ കമ്പനികള്‍ക്കാകുന്നില്ല.

ഇന്ത്യയില്‍ ഈ മാസം സ്മാര്‍ട്ട്‌ഫോണ്‍ വിതരണം 70 ശതമാനം വരെ കുറയുമെന്നാണ് സാംസങ് ഇന്ത്യ വിതരണക്കാരെ അറിയിച്ചിരിക്കുന്നത്. ആപ്പിള്‍, എച്ച്.പി., ലെനോവോ, ഡെല്‍, ഷവോമി, വണ്‍പ്ലസ്, റിയല്‍മി തുടങ്ങിയ കമ്പനികളുടെയും ഉത്പാദനത്തെ ക്ഷാമം ബാധിച്ചിട്ടുണ്ട്. അതേസമയം, ഉത്സവ സീസണ്‍ മുന്‍നിര്‍ത്തി ചിപ്പുകളുടെ ശേഖരം തയ്യാറാക്കിയിട്ടുണ്ടെന്ന് റിയല്‍മി ഇന്ത്യ-യൂറോപ്പ് സി.ഇ.ഒ. മാധവ് സേത്ത് അറിയിച്ചു. 80 ശതമാനം വിതരണം നിര്‍വഹിക്കാന്‍ കമ്പനിക്കു കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാര്‍ ഉത്പാദനമേഖലയാണ് പ്രതിസന്ധി നേരിടുന്ന മറ്റൊരു വിഭാഗം. കോവിഡിനുശേഷമുള്ള വര്‍ധിച്ച ആവശ്യം നിറവേറ്റാന്‍ കമ്പനികള്‍ക്കുകഴിയുന്നില്ല. ഉത്പാദനശേഷി പൂര്‍ണമായി വിനിയോഗിക്കാനാകുന്നില്ലെന്നതാണ് തിരിച്ചടി. പത്തു മുതല്‍ 15 ശതമാനം വരെ ഉത്പാദനനഷ്ടമുണ്ടാകുന്നതായാണ് കമ്പനികള്‍ നല്‍കുന്ന വിവരം. ഫോര്‍ഡ് ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ഹ്യുണ്ടായ് എന്നിങ്ങനെ മിക്ക കമ്പനികളെയും ഇതു ബാധിച്ചു. കാറുകളുടെ കാത്തിരിപ്പുസമയം കൂടാനിത് ഇടയാക്കുന്നു.

Author

Related Articles