News

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി നീട്ടി; 3 വര്‍ഷത്തേക്ക് തുടരും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി നീട്ടി. മൂന്ന് വര്‍ഷത്തേക്കാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. കേന്ദ്ര നിയമനകാര്യ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. 2018 ഡിസംബര്‍12നായിരുന്നു ശക്തികാന്തദാസ് ചുമതലയേറ്റത്.

മോദി സര്‍ക്കാരിന്റെ കാലയളവില്‍ ഇത് ആദ്യമായാണ് റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറുടെ സേവന കാലാവധി നീട്ടി നല്‍കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് കേന്ദ്ര  സാമ്പത്തിക കാര്യവകുപ്പ് സെക്രട്ടറിയായിരുന്നു ശക്തികാന്ത ദാസ് . ഉര്‍ജിത് പട്ടേല്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ശക്തികാന്ത ദാസിനെ റിസര്‍വ്വ് ബാങ്ക് തലപ്പത്തേക്ക് കൊണ്ടുവരുന്നത്.

1980 ബാച്ച് ഐഎഎസ് ഓഫീസറായ ശക്തികാന്ത ദാസ് തമിഴ്‌നാട് കേഡറിലാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. തമിഴ്നാട്ടില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി (ഇന്‍ഡസ്ട്രീസ്), സ്പെഷ്യല്‍ കമ്മീഷണര്‍ (റവന്യൂ), റവന്യൂ സെക്രട്ടറി , വാണിജ്യനികുതി വകുപ്പ് സെക്രട്ടറി, തമിഴ്നാട് സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ തുടങ്ങിയ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി, കേന്ദ്ര റവന്യൂ സെക്രട്ടറി, യൂണിയന്‍ രാസവള സെക്രട്ടറി, സാമ്പത്തിക കാര്യ വകുപ്പിലെ പ്രത്യേക സെക്രട്ടറി എന്നീ കേന്ദ്ര തസ്തികകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സാമ്പത്തികശാസ്ത്രത്തില്‍ അക്കാദമിക് പിന്‍ബലമില്ലാത്ത ശക്തികാന്ത ദാസിനെ റിസര്‍വ്വ് ബാങ്ക് തലപ്പത്തേക്ക് കൊണ്ടുവന്നതില്‍ അന്ന് ബിജെപികക് അകത്ത് തന്നെ എതിര്‍സ്വരങ്ങളുയര്‍ന്നിരുന്നു. നോട്ട് നിരോധന സമയത്ത് സര്‍ക്കാരിന്റെ മുഖമായി നിത്യേന വാര്‍ത്താസമ്മേളനങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത് അന്ന് ധനകാര്യ സെക്രട്ടറിയായിരുന്ന ശക്തികാന്തായിരുന്നു.

News Desk
Author

Related Articles