News

കോവിഡ് ബാധിച്ച് ഷാര്‍ജ വിമാനത്താവളം; യാത്രക്കാരുടെ എണ്ണത്തില്‍ 69 ശതമാനം ഇടിവ്

ഷാര്‍ജ: ഷാര്‍ജ വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം യാത്ര ചെയ്തത് 4.2 ദശലക്ഷം യാത്രക്കാര്‍. 2019ലെ 13.6 ദശലക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ദീര്‍ഘകാലം വിമാനത്താവളം അടച്ചിട്ടതിന്റെയും സേവനങ്ങള്‍ പരിമിതപ്പെടുത്തിയതിന്റെയും ഫലമായി യാത്രക്കാരുടെ എണ്ണത്തില്‍ 69 ശതമാനം ഇടിവിനാണ് ഷാര്‍ജ വിമാനത്താവളം കഴിഞ്ഞ വര്‍ഷം വേദിയായത്.

മൊത്തത്തില്‍ 33,200 വിമാനസര്‍വ്വീസുകളാണ് കഴിഞ്ഞ വര്‍ഷം ഷാര്‍ജ വിമാനത്താവളം മുഖേന നടന്നത്. വിമാനത്താവളത്തിലൂടെയുള്ള കാര്‍ഗോ നീക്കം 99,600 ടണ്‍ ആയി. ഷെഡ്യൂള്‍ ചെയ്യാത്ത വിമാനങ്ങളുടെ എണ്ണത്തില്‍ 653.9 ശതമാനം വര്‍ധനയുണ്ടായി. ഷെഡ്യൂള്‍ ചെയ്യാത്താ കാര്‍ഗോ നീക്കത്തിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 54.6 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിട്ടി വ്യക്തമാക്കി.   

ഷാര്‍ജ റിസര്‍ച്ച് ടെക്നോളജി ആന്‍ഡ് ഇന്നവേഷന്‍ പാര്‍ക്കില്‍ നടന്ന വാര്‍ഷിക മാനേജ്മെന്റ് യോഗത്തിലാണ് അതോറിട്ടി കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ടത്. വിമാനത്താവളവുമായി ബന്ധപ്പെട്ട ഭാവി പദ്ധതികളുടെയും പരിപാടികളുടെയും അവലോകനവും യോഗത്തില്‍ നടന്നു. കഴിഞ്ഞ വര്‍ഷവും എമിറാറ്റിവല്‍ക്കരണ നയം നടപ്പിലാക്കിയതായി അതോറിട്ടി അറിയിച്ചു. നേതൃപദവികളിലെ എമിറാറ്റികളുടെ എണ്ണം തൊണ്ണൂറ് ശതമാനത്തിനടുത്തെത്തിയെന്നും മേല്‍നോട്ട ചുമതലകളിലുള്ള എമിറാറ്റികളുടെ എണ്ണം 71 ശതമാനമായതായും അതോറിട്ടി വ്യക്തമാക്കി.

4,000 ചതുരശ്ര മീറ്റര്‍ വലുപ്പത്തിലുള്ള പടിഞ്ഞാറന്‍ വികസന പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ വര്‍ഷം അതോറിട്ടിക്ക് സാധിച്ചു. യാത്രക്കാരുടെ സഞ്ചാരത്തിന് വേണ്ടിയുള്ള നാല് പുതിയ ഗേറ്റുകള്‍ ഉള്‍പ്പെടുന്ന രണ്ട് നിലകളിലായുള്ള വിമാനത്താവളത്തോട് ചേര്‍ന്നുള്ള കെട്ടിടമാണിത്. പ്രോജക്ട് പൂര്‍ത്തിയാകുന്ന പക്ഷം 20205ഓടെ പ്രതിവര്‍ഷം 20 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ഷാര്‍ജ വിമാനത്താവളത്തിന് സാധിക്കും.   

ഷാര്‍ജയിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കുമെന്ന് നെയ്റോബി ആസ്ഥാനമായ കാര്‍ഗോ വിമാനക്കമ്പനി ആസ്ട്രല്‍ ഏവിയേഷന്‍ കഴിഞ്ഞിടെ വ്യക്തമാക്കിയിരുന്നു. ബോയിംഗ് 767 വിമാനം ഉപയോഗിച്ച് കെനിയയില്‍ നിന്നും ഷാര്‍ജയിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളായിരിക്കും ഉണ്ടായിരിക്കുകയെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിട്ടി അറിയിച്ചു.

Author

Related Articles