News

ഇറക്കുമതിയില്‍ നിന്നും കയറ്റുമതിയിലേക്ക് കുതിച്ച് ഇന്ത്യ

കൊച്ചി: ഇറക്കുമതിയെ അമിതമായി ആശ്രയിച്ചിരുന്ന ഇന്ത്യ സ്വയംപര്യാപ്തമാകുകയാണ്. 'ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യ മൊബൈല്‍ ഇറക്കുമതി ചെയ്തു ഉപയോഗിച്ചു, എന്നാല്‍ ഇന്ന് നമ്മള്‍ കയറ്റുമതി ചെയ്യുന്നു'- സ്വതന്ത്ര്യദിന പ്രസംഗത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഇങ്ങനെ. 2013-14 കാലഘട്ടത്തില്‍ 800 കോടി ഡോളറിന്റെ മൊബൈല്‍ ഫോണുകളാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് 300 കോടി ഡോളറിന്റെ ഫോണുകള്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സന്റീവ് സ്‌കീമാണ് നേട്ടങ്ങള്‍ക്കു കാരണമായത്. പദ്ധതിക്കു കീഴില്‍ ഇതുവരെ 14800 കോടി രൂപ മൂല്യം വരുന്ന 16 ഓളം പ്രാദേശിക- വിദേശ കമ്പനികളുടെ പദ്ധതികള്‍ക്കാണ് കേന്ദ്ര ഐടി- ഇലക്ട്രോണിക്സ് മന്ത്രാലയം അനുമതി നല്‍കിയത്. രാജ്യത്തെ ഉല്‍പ്പാദനമേഖല മുന്നേറുകയാണ്. ആഗോളവിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്ന തരം മികച്ച ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങളാണ് നമ്മള്‍ നിര്‍മിക്കുന്നതെന്നു ഉറപ്പുവരുത്തണം. ആഗോള വിപണി ലക്ഷ്യമിടണം. ഉല്‍പ്പന്നങ്ങളാണ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍. ആളുകള്‍ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നിടത്തോളം കാലം അവ ഇന്ത്യയില്‍ നിര്‍മിച്ചതാണെന്നു പറായാന്‍ അവര്‍ക്കാകണമെന്നു മോദി പറഞ്ഞു.

കോവിഡ് കാലത്ത് നിരവധി സ്റ്റാര്‍ട്ട് അപ്പുകള്‍ രാജ്യത്ത് തുടങ്ങിയിട്ടുണ്ട്. സ്റ്റാര്‍ട്ട് അപ്പുകളുടെ വിപണി മൂല്യം ആയിരം കോടികള്‍ പിന്നിട്ടു. ഇന്ത്യയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് സ്റ്റാര്‍ട്ട് അപ്പുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ വിപണികളില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. അമേരിക്കയടക്കം ചൈനീസ് മൊബൈല്‍ കമ്പനികള്‍ക്കെതിരേ തിരിഞ്ഞപ്പോള്‍ ഇന്ത്യയിലേക്ക് നിക്ഷേപം ഒഴുകിയതും ഇതുകൊണ്ടാണ്. ചൈനീസ് മൊബൈല്‍ ബ്രാന്റായ ഷാവോമിയുടെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. ഷാവോമിയും ആപ്പിളുമെല്ലാം ഇന്ത്യയില്‍ നിര്‍മാണശാലകള്‍ തുടങ്ങിയത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സന്റീവ് സ്‌കീം പ്രകാരമാണ്.

Author

Related Articles