News

ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ കയ്യിലുള്ള ബിറ്റ്കോയിന്‍ എന്തു ചെയ്യണം? അറിയാം

ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ കയ്യിലുള്ള ബിറ്റ്കോയിന്‍ എന്തു ചെയ്യണമെന്ന് ആലോചിച്ച് തലപുകയ്ക്കുകയാണ് ഇന്ത്യന്‍ നിക്ഷേപകര്‍. ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകറന്‍സികള്‍ നിരോധിച്ച് പകരം റിസര്‍വ് ബാങ്കിന്റെ പുതിയ ഡിജിറ്റല്‍ കറന്‍സിക്ക് കേന്ദ്രം വൈകാതെ അംഗീകാരം നല്‍കും.

ഇവിടെയാണ് ചില ചോദ്യങ്ങള്‍ പ്രസക്തമാവുന്നത്. വിലക്ക് വരും മുന്‍പ് കയ്യിലുള്ള ബിറ്റ്കോയിന്‍ കിട്ടുന്ന വിലയ്ക്ക് വില്‍ക്കണോ? ചോദ്യത്തിന് കൃത്യമായ ഉത്തരം കണ്ടെത്തുക ബുദ്ധിമുട്ടാണ്. കാരണം ക്രിപ്റ്റോകറന്‍സി വിലക്കുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവെച്ചിട്ടില്ല.

എന്താണ് വേണ്ടത്?

തിടുക്കപ്പെട്ടതുകൊണ്ട് കാര്യമില്ല. ക്രിപ്റ്റോകറന്‍സി ബില്ലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വരുന്നതുവരെ കാക്കുന്നതാണ് ഉചിതം. ഏതൊക്കെ ക്രിപ്റ്റോകറന്‍സികള്‍ക്കാണ് വിലക്ക് വരികയെന്ന കാര്യം ആദ്യമറിയണം. എന്നിട്ടാലോചിക്കാം വില്‍ക്കണോ വേണ്ടയോ എന്ന്. ബിറ്റ്കോയിന് പുറമെ എഥീറിയം, ഡോഗികോയിന്‍ മുതലായ ക്രിപ്റ്റോകറന്‍സികള്‍ക്കും ഇന്ത്യയില്‍ പ്രചാരമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നീക്കം മുന്‍നിര്‍ത്തി രാജ്യത്തെ വിവിധ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകള്‍ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടുണ്ട്.

നിക്ഷേപകര്‍ ആശങ്കപ്പെടരുതെന്നാണ് പ്രധാന നിര്‍ദ്ദേശം. ക്രിപ്റ്റോകറന്‍സികള്‍ വാങ്ങിയവരുടെ നിക്ഷേപം സുരക്ഷിതമാണ്. വിലക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുന്നതുവരെ ധൃതിപ്പെട്ട് തീരുമാനമെടുക്കരുത്. വിലക്കുന്ന സാഹചര്യമുണ്ടായാല്‍ ക്രിപ്റ്റോകറന്‍സികള്‍ വിറ്റ് ഉപയോക്താക്കള്‍ക്ക് നിക്ഷേപിച്ച പണം തിരികെ ലഭിക്കാനുള്ള നടപടികള്‍ എടുക്കുമെന്ന് എക്സ്ചേഞ്ചുകള്‍ പറയുന്നു.

വിലക്ക് വന്നാല്‍?

ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കും മുന്‍പ് രാജ്യത്തെ നിക്ഷേപകര്‍ക്ക് കയ്യിലുള്ള ക്രിപ്റ്റോകറന്‍സികള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ സാവകാശം നല്‍കും. അതുകൊണ്ട് ഇപ്പോഴേ ക്രിപ്റ്റോകറന്‍സികള്‍ വില്‍ക്കേണ്ടതില്ലെന്നാണ് ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകള്‍ അറിയിക്കുന്നത്.

ക്രിപ്റ്റോകറന്‍സികള്‍ വിദേശത്ത് സൂക്ഷിക്കുന്നതും വിലക്കുമോ?

ഇക്കാര്യത്തിലും പൂര്‍ണ ചിത്രം ഇപ്പോഴില്ല. സര്‍ക്കാരില്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നതുവരെ കാക്കുന്നതാണ് ഉചിതം.

ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം വഴി ക്രിപ്റ്റോകറന്‍സി വാങ്ങാമോ?

ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം പ്രകാരം വിദേശ വിപണികളില്‍ രണ്ടര ലക്ഷം ഡോളര്‍ വരെ നിക്ഷേപം നടത്താന്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് അനുവാദമുണ്ട്. ക്രിപ്റ്റോകറന്‍സിയും ഈ പദ്ധതിക്ക് കീഴില്‍ വാങ്ങിക്കൂടേ? സംശയം ഉണര്‍ന്നു കഴിഞ്ഞു. എന്തായാലും ക്രിപ്റ്റോകറന്‍സി വിലക്കുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നതുവരെ കാക്കുന്നതാണ് ഉചിതം.

ക്രിപ്റ്റോകറന്‍സിയില്‍ നിക്ഷേപിച്ചാല്‍ ബാങ്ക് അക്കൗണ്ട് റദ്ദാവുമോ?

ക്രിപ്റ്റോകറന്‍സിയില്‍ നിക്ഷേപിച്ചതുകൊണ്ട് ബാങ്ക് അക്കൗണ്ട് റദ്ദാവാന്‍ ഒരു സാധ്യതയുമില്ല. കാരണം ബാങ്ക് അക്കൗണ്ടും ക്രിപ്റ്റോകറന്‍സി നിക്ഷേപവും തമ്മില്‍ യാതൊരു ബന്ധവുമില്ല.

ക്രിപ്റ്റോകറന്‍സി വിറ്റ കാശ് ബാങ്ക് അക്കൗണ്ടിലേക്ക് ഇടാമോ?

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ ക്രിപ്റ്റോകറന്‍സി വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ യാതൊരു തടസ്സവുമില്ല. അതായത് ക്രിപ്റ്റോകറന്‍സി വിറ്റുകിട്ടുന്ന പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് വരുത്താം. ഇനിയിപ്പോള്‍ വിലക്ക് വരികയാണെങ്കില്‍ത്തന്നെ നിക്ഷേപകര്‍ക്ക് കയ്യിലുള്ള ക്രിപ്റ്റോകറന്‍സികള്‍ വിറ്റൊഴിവാക്കാന്‍ സര്‍ക്കാര്‍ സാവകാശം നല്‍കും. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഏകദേശം 10,000 കോടി രൂപയാണ് ഇന്ത്യന്‍ നിക്ഷേപകര്‍ ക്രിപ്റ്റോകറന്‍സികളില്‍ നിക്ഷേപിച്ചിരിക്കുന്നത്.

Author

Related Articles