News

ഐപിഒയിലൂടെ 800 കോടി രൂപ ലക്ഷ്യമിട്ട് ശ്രീരാം പ്രോപ്പര്‍ട്ടീസ്

മുംബൈ: പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) വഴി 800 കോടി രൂപ സമാഹരിക്കുന്നതിനായി ശ്രീരാം പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് തയാറെടുക്കുകയാണ്. ഇതിനായി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് കമ്പനി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സമര്‍പ്പിച്ചിട്ടുണ്ട്. നിലവിലെ ഓഹരി ഉടമകളും പ്രൊമോട്ടര്‍മാരും നല്‍കുന്ന 550 കോടി രൂപവരെയുള്ള ഓഹരികളും 250 കോടി രൂപയുടെ പുതിയ ഇഷ്യൂവുമാണ് ഐപിഒയ്ക്ക് എത്തുക.

200 കോടി ഡോളറിന്റെ പുതിയ ഇഷ്യുവില്‍ നിന്നുള്ള വരുമാനം കമ്പനിയുടെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളായ ശ്രീപ്രോപ്പ് സ്ട്രക്‌ചേഴ്‌സ്, ഗ്ലോബല്‍ എന്‍ട്രോപോളിസ്, ബംഗാള്‍ ശ്രീരാം എന്നിവയുടെയും വായ്പകളുടെ തിരിച്ചടവിന് പ്രയോജനപ്പെടുത്തും. 2020 ഡിസംബര്‍ വരെയുള്ള കണക്കുപ്രകാരം കമ്പനിയുടെ ഫണ്ട് അധിഷ്ഠിത വായ്പകളില്‍ 693.17 കോടി രൂപയാണ് കുടിശ്ശിക.   

2020 മാര്‍ച്ചിലെ കണക്കനുസരിച്ച് ഒമേഗ ടിസി സാബര്‍ ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് കമ്പനിയില്‍ 16.33 ശതമാനവും ടിപിജി ഏഷ്യ എസ്എഫ്വി പ്രൈവറ്റ് ലിമിറ്റഡിന് 16.56 ശതമാനവും ഡബ്ല്യുഎസ്‌ഐ / ഡബ്ല്യുഎസ്‌ക്യുഐ വി മൗറീഷ്യസ് ഇന്‍വെസ്റ്റേഴ്‌സിന് 23.97 ശതമാനം ഓഹരിയുമുണ്ട്.

ആക്‌സിസ് സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, നോമുറ ഫിനാന്‍ഷ്യല്‍ അഡൈ്വസറി ആന്‍ഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവയാണ് ഇഷ്യൂ മാനേജര്‍മാര്‍. 2020 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 571.96 കോടി രൂപയായിരുന്നു. ഒരു വര്‍ഷം മുമ്പ് ഇത് 650.13 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ 86.39 കോടിയില്‍ നിന്ന് 65.02 കോടി രൂപയാണ് അറ്റാദായം.

Author

Related Articles