News

സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ മന്ത്രിസഭാ യോഗത്തിൽ നിർദ്ദേശം; അഞ്ച് മാസത്തേയ്ക്ക് ശമ്പളം കുറയും

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ മന്ത്രിസഭാ യോഗത്തിൽ നിർദ്ദേശം. അഞ്ച് മാസത്തേയ്ക്ക് ശമ്പളം കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു മാസം ആറു ദിവസത്തെ ശമ്പളം വീതമായിരിക്കും കുറയ്ക്കുക. സാമ്പത്തിക സ്ഥിതി മെച്ചമാകുമ്പോള്‍ പിടിച്ച ശമ്പളം തിരികെ നല്‍കുമെന്നും അറിയിച്ചു. 12 ശതമാനം ക്ഷാമബത്ത മരവിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ചായി നല്‍കുന്നതിന് പകരമായി ധനമന്ത്രി തോമസ് ഐസക്കാണ് ഈ നിര്‍ദേശം അവതരിപ്പിച്ചത്‌. പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് മാതൃക ഫലപ്രദമാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത്. ശമ്പളം പിടിക്കുന്നതില്‍ നിന്ന് ഒരു ജീവനക്കാരനും ഇളവുണ്ടായിരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാനാണ് സർക്കാരിന്റെ തീരുമാനം.

ആറു ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കുമ്പോള്‍ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക സര്‍ക്കാരിന് ലഭിക്കും. ഈ രീതിയില്‍ ശമ്പളം പിടിക്കുന്നത് ജീവനക്കാര്‍ക്ക് അധികഭാരമാവില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. കൊറോണ പ്രതിരോധത്തിന് അടിയന്തിര സാമ്പത്തിക സഹായമാണ് വേണ്ടതെന്നും യോഗത്തിൽ നിർദ്ദേശം ഉയർന്നു. ശമ്പളം തിരിച്ച് കൊടുക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തുന്നതോടെ ജീവനക്കാരുടെ എതിര്‍പ്പ് അത്രകണ്ട് ഉണ്ടാകില്ലെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

ഒപ്പം മന്ത്രിമാരുടെ ശമ്പളം മുപ്പത് ശതമാനം ഒരു വര്‍ഷത്തേക്ക് പിടിക്കും. എംഎല്‍എമാര്‍, ബോര്‍ഡ്- കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാര്‍ എന്നിവരുടെ ശമ്പളവും പിടിക്കും. 30 ശതമാനം വീതമാണ് പിടിക്കുക. ഡിഎ കുടിശിക പിടിച്ചെടുത്ത് 2700 കോടി രൂപ സമാഹരിക്കുക, ഡിഎ കുടിശിക മരവിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും പരിഗണനയിലുണ്ട്.

ജീവനക്കാരിൽ നിന്ന് ശമ്പളം പിടിക്കുന്നത് വഴി ഏതാണ്ട് 6000 കോടിയോളം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. 20,000 രൂപയ്ക്ക് താഴെ ശമ്പളമുള്ള പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് സാലറി ചലഞ്ചില്‍ സഹകരിക്കണമോയെന്ന് സ്വന്തം നിലയില്‍ തീരുമാനമെടുക്കാമെന്നും യോഗത്തിൽ വ്യക്തമാക്കി. എന്നാല്‍ ഏതെങ്കിലും ജീവനക്കാര്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമോ എന്നതാണ് സര്‍ക്കാരിനെ ആശങ്കയിലാക്കിയിരിക്കുന്നത്.

Author

Related Articles