News

ഫ്രാങ്ക്ളിന്‍ ടെംപിള്‍ട്ടണ്‍: 6 ഡെറ്റുഫണ്ടുകളിലെ 6000 കോടി രൂപ നിക്ഷേപം ഉടന്‍ തിരിച്ചെടുക്കാം

മുംബൈ: പ്രര്‍ത്തനം മരവിപ്പിച്ച ഫ്രാങ്ക്ളിന്‍ ടെംപിള്‍ട്ടണിന്റെ ആറ് ഡെറ്റുഫണ്ടുകളിലെ 6000 കോടി രൂപയുടെ നിക്ഷേപം ഉടനെ തിരിച്ചെടുക്കാനാകുമെന്ന് എഎംസി. ഫ്രാങ്ക്ളിന്റെ ചീഫ് ഇന്‍വെസ്റ്റുമെന്റ് ഓഫീസറായ സന്തോഷ് കാമത്താണ് നിക്ഷേപകര്‍ക്കയച്ച ഓഡിയോ സന്ദേശത്തില്‍ ഇക്കാര്യമറിയിച്ചത്.

ദ്വിതീയ വിപണിയിലൂടെ വിറ്റഴിച്ച് പണം തിരിച്ചെടുക്കുന്നതിനുപുറമെ, കാലാവധിയെത്തുന്ന കടപ്പത്രങ്ങളില്‍ നിന്ന് പണം ലഭിക്കുകയും ചെയ്യുന്നതോടെയാണ് ഈ തുക സമാഹരിക്കാനാകുക. പരമാവധി ലാഭമെടുത്താകും ഓഹരി വിപണി വഴിയുള്ള ഇടപാടുകളെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഫണ്ടുകളിലായി ഇതിനകം 3,275 കോടി രൂപയാണ് ലഭിച്ചത്. ജൂലായ്-സെപ്റ്റംബര്‍ മാസങ്ങളില്‍ 3,200 കോടി രൂപ കൂടി ലഭിക്കും.

ആറുഫണ്ടുകളില്‍ രണ്ടെണ്ണത്തില്‍ നിലവില്‍ മിച്ചം പണമുണ്ട്. ഫ്രാങ്ക്ളിന്‍ ഇന്ത്യ അള്‍ട്ര ഷോര്‍ട്ട് ബോണ്ട് ഫണ്ടില്‍ 14,25 ശതമാനമാണ് തുകയുള്ളത്. അതായത് 1,393 കോടി രൂപ. ഫ്രാങ്ക്ളിന്‍ ഇന്ത്യ ഡൈനാമിക് ഫണ്ടില്‍ 5.65 ശതമാനവും പണം മിച്ചമുണ്ട്. മറ്റ് ഫണ്ടുകളിലേയ്ക്ക് ലഭിച്ച തുക നിലവിലെ ബാധ്യതകള്‍ തീര്‍ക്കാനായി ഉപയോഗിച്ചതായും കമ്പനി വ്യക്തമാക്കി.

കോടതിയില്‍ വ്യവഹാരം നിലനില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ക്ക് പണം തല്‍ക്കാലം തിരിച്ചുകൊടുക്കാന്‍ കഴിയില്ല. വിവിധ ഹൈക്കോടതികളിലുള്ള കേസുകള്‍ കര്‍ണാടക ഹൈക്കോടതിയിലേയ്ക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആറു ഫണ്ടുകളിലുള്ള 26,000 കോടി രൂപയാണ് മൂന്നുലക്ഷത്തോളം നിക്ഷേപകര്‍ക്കായി തിരിച്ചുകൊടുക്കാനുള്ളത്.

News Desk
Author

Related Articles