News

ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബ്രാന്‍ഡായി മാറി തംസ് അപ്പ്

തദ്ദേശീയ ശീതളപാനീയ ബ്രാന്‍ഡായ തംസ് അപ്പ് 2021ല്‍ ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബ്രാന്‍ഡായി മാറിയെന്ന് കൊക്കകോള. തംസ് അപ്പ് ബ്രാന്‍ഡിന്റെ ഉടമസ്ഥരാണ് ആഗോള ശീതളപാനീയ പ്രമുഖന്‍ കൊക്കകോള കമ്പനി. ഞങ്ങളുടെ പ്രാദേശിക ബ്രാന്‍ഡായ തംസ് അപ്പ് ഇന്ത്യയില്‍ ഒരു ബില്യണ്‍ ഡോളര്‍ ബ്രാന്‍ഡായി മാറി. കേന്ദ്രീകൃത മാര്‍ക്കറ്റിംഗ്, മികച്ച എക്സിക്യൂഷന്‍ പ്ലാനുകള്‍ എന്നിവയാലാണ് ഈ നേട്ടമെന്നും' കൊക്കകോള കമ്പനി ചെയര്‍മാനും സിഇഒയുമായ ജെയിംസ് ക്വിന്‍സി വ്യാഴാഴ്ച പറഞ്ഞു.

1993-ല്‍ അറ്റ്ലാന്റ ആസ്ഥാനമായുള്ള കമ്പനി ഇന്ത്യന്‍ വിപണിയില്‍ വീണ്ടും പ്രവേശിച്ചപ്പോള്‍, പാര്‍ലെ ബിസ്ലേരിയിലെ രമേഷ് ചൗഹാനില്‍ നിന്ന് കൊക്കകോള കമ്പനി തംസ് അപ്പ് ഏറ്റെടുക്കുകയായിരുന്നു. ചൗഹാന്‍ സഹോദരന്മാരില്‍ നിന്ന് ഈ എയറേറ്റഡ് ഡ്രിങ്ക്സിന്റെ മുഴുവന്‍ ഉടമസ്ഥാവകാശവും കൊക്കകോള വാങ്ങിയിരുന്നു. കൊക്കകോള ഇന്ത്യന്‍ വിപണിയില്‍ നിന്ന് പുറത്തുപോയതിന് ശേഷം മൊറാര്‍ജി ദേശായി സര്‍ക്കാര്‍ അതിന്റെ ഇന്ത്യന്‍ ഉടമസ്ഥാവകാശം കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് ഏകദേശം 45 വര്‍ഷം മുമ്പ് 1977-ലാണ് ബ്രാന്‍ഡ് തംസ് അപ്പ് ഏറ്റെടുത്തത്.

ഒരു ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയിലേക്ക് കുതിച്ചുയരുന്ന, രാജ്യത്തെ എയറേറ്റഡ് ഡ്രിങ്ക്സ് വിപണിയിലെ മുന്‍നിരക്കാരില്‍ ഒരാളായ തംസ് അപ്പ് സ്വദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ ഇന്ത്യന്‍ പാനീയ ബ്രാന്‍ഡാണ്. 2021 ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തേക്ക്, തങ്ങളുടെ ബ്രാന്‍ഡുകള്‍ മാസം തോറും വിപണി വിഹിതത്തില്‍ വര്‍ധന നേടിയെടുത്തുവെന്ന് സ്പ്രൈറ്റ്, ലിംക ഡ്രിങ്ക്സ് എന്നിവയുടെ നിര്‍മ്മാതാവ് പറഞ്ഞു.

നാലാം പാദത്തില്‍, ഉത്സവങ്ങളും മറ്റ് ആഘോഷങ്ങളും പ്രയോജനപ്പെടുത്തി, അവസരോചിതമായ വിപണനത്തിലൂടെയും സംയോജിത നിര്‍വ്വഹണത്തിലൂടെയും പ്രധാന അവസരങ്ങളില്‍ സാന്നിധ്യവും വിപണന കാമ്പെയ്നുകളും കെട്ടിപ്പടുത്തതിലൂടെ ഇന്ത്യയിലെ കൊക്ക കോളയുടെ സംരംഭങ്ങള്‍, വിപണി വിഹിതത്തില്‍ തുടര്‍ച്ചയായ വര്‍ദ്ധന നേടിയെടുത്തു. ഏകദേശം 30 ശതമാനം വളര്‍ച്ചയ്ക്ക് ഇത് കാരണമായി.

Author

Related Articles