News

ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ ഉപകരണ നിര്‍മാതാക്കളായ ഈ കമ്പനിയും ഓഹരി വിപണിയിലേക്ക്

രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ ഉപകരണ നിര്‍മാതാക്കളായ വാരീ എനര്‍ജി ഓഹരി വിപണിയിലേക്കെത്തുന്നു. ഇതിന് മുന്നോടിയായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് ഡിആര്‍എച്ച്പി ഫയല്‍ ചെയ്തു. 1,350 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും ഓഫര്‍ ഫോര്‍ സെയ്ലുമായിരിക്കും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോളാര്‍ കമ്പനിയുടെ പ്രാരംഭ ഓഹരി വില്‍പ്പന. നിലവിലുള്ള ഓഹരി ഉടമകളുടെയും പ്രൊമോട്ടര്‍മാരുടെയും കൈവശമുള്ള 4,007,500 ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്ലും 10 രൂപ മുഖവിലയുള്ള പുതിയ ഓഹരികളുടെ വില്‍പ്പനയുമായിരിക്കും ഐപിഒയെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

പുതിയ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക, പ്രതിവര്‍ഷം 2 ജിഗാവാട്ട് ഉല്‍പ്പാദിപ്പിക്കുന്ന സോളാര്‍ സെല്‍ നിര്‍മാണ യൂണിറ്റും 1 ജിഗാവാട്ട് സോളാര്‍ പിവി മൊഡ്യൂള്‍ നിര്‍മ്മാണ ശാലയും സ്ഥാപിക്കുന്നതിനാണ് ചെലവഴിക്കുകയെന്ന് കമ്പനി ഡിആര്‍എച്ച്പിയില്‍ പറഞ്ഞു. നിലവില്‍ തുംബ്, നന്ദിഗ്രാം എന്നിവിടങ്ങളിലായി മൂന്ന് നിര്‍മ്മാണ സൗകര്യങ്ങള്‍ ഉള്‍പ്പെടെ നാല് ഫാക്ടറികളാണ് വാരീ എനര്‍ജിയുടെ കീഴിലുള്ളത്.

ഗുജറാത്തിലെ ചിക്ലിയില്‍ മറ്റൊരു നിര്‍മാണ കേന്ദ്രം കൂടി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് വാരീ. 2022 സാമ്പത്തിക വര്‍ഷാവസാനത്തോടെ 3 ജിഗാവാട്ട് പിവി മൊഡ്യൂള്‍ നിര്‍മ്മാണ ശേഷിയുള്ള കേന്ദ്രം പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ 4 ജിഗാവാട്ട് സോളാര്‍ സെല്‍ നിര്‍മ്മാണ ശേഷിയുള്ള കേന്ദ്രം 2023 സാമ്പത്തിക വര്‍ഷാവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഡിആര്‍എച്ച്പി പ്രകാരം, 2021 മാര്‍ച്ച് 31 -ലെ കണക്കനുസരിച്ച്, വാരിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1,952.78 കോടി രൂപയാണ്. കമ്പനിയുടെ അറ്റാദായം മുന്‍വര്‍ഷത്തെ 39.02 കോടി രൂപയേക്കാള്‍ 48.19 കോടി രൂപയാണ് രേഖപ്പെടുത്തിയത്.

Author

Related Articles