News

85 ശതമാനം നേട്ടത്തോടെ 2016ലെ ഗോള്‍ഡ് ബോണ്ടുകള്‍ പിന്‍വലിക്കാം

അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ഗോള്‍ഡ് ബോണ്ടുകള്‍ പിന്‍വലിക്കാന്‍ ആര്‍ബിഐ അനുമതി. ഇതോടെ 2016ല്‍ പുറത്തിറക്കിയ ഗോള്‍ഡ് ബോണ്ടിലെ വരിക്കാര്‍ക്ക് 85 ശതമാനം നേട്ടത്തോടെ ഗോള്‍ഡ് ബോണ്ട് പിന്‍വലിക്കാം. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ആര്‍ബിഐ പുറത്തിറക്കിയ ബോണ്ടുകള്‍ പിന്‍വലിക്കാന്‍ എട്ടുവര്‍ഷമാണ് കാലാവധി എങ്കിലും അഞ്ച് വര്‍ഷമാകുമ്പോള്‍ പിന്‍വലിക്കാന്‍ അനുമതി ഉണ്ട്.

ഫെബ്രുവരി എട്ടിന് ആണ് 2016 ലെ വരിക്കാരുടെ നിക്ഷേപം അഞ്ചുവര്‍ഷം പൂര്‍ത്തിയായത്. ഒരു ഗ്രാമിന് തുല്യമായ ബോണ്ടിന് 4,813 രൂപയാണ് പിന്‍വലിക്കല്‍ തുകയായി നിശ്ചയിച്ചിട്ടുള്ളത്. 2,600 രൂപ നിലവാരത്തിലായിരുന്നു 2016 ജനുവരിയില്‍ ഈ ഗോള്‍ഡ് ബോണ്ട് പുറത്തിറക്കിയത്. ഇത്തരത്തില്‍ ബോണ്ടില്‍ അംഗങ്ങളായവര്‍ക്ക് പരമാവധി നേട്ടം ലഭിക്കും. മൂലധനനേട്ടത്തിനുപുറമെ, 2.5 ശതമാനം വാര്‍ഷിക പലിശയും നിക്ഷേപകര്‍ക്ക് ലഭിക്കും.

ബോണ്ട് വ്യവസ്ഥയില്‍ പറയുന്നത് പോലെ മുന്‍ ആഴ്ചയിലെ (തിങ്കള്‍-വെള്ളി) 24 കാരറ്റ് സ്വര്‍ണത്തിന്റെ ക്ലോസിംഗ് നിരക്കിന്റെ ശരാശരിയെടുത്താണ് വില നിശ്ചയിക്കുക. ഇതുപ്രകാരമാണ് അഞ്ചുവര്‍ഷമെത്തിയ ഗോള്‍ഡ് ബോണ്ട് യൂണിറ്റിന്റെ വില നിശ്ചയിച്ചിട്ടുള്ളത്. ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജുവലേഴ്‌സ് അസോസിയേഷന്റെ വിലയാണ് ഇതിനായി പരിഗണിക്കുക.

Author

Related Articles