News

സാമ്പത്തിക പ്രതിസന്ധി വിട്ടുമാറാതെ സ്‌പൈസ് ജെറ്റ്; പൈലറ്റുമാര്‍ക്ക് മണിക്കൂര്‍ അടിസ്ഥാനത്തില്‍ ശമ്പളം

വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി വിട്ടുമാറാതെ വിമാന കമ്പനികള്‍. കൊവിഡ് കാലത്ത് ഉടനീളം പൈലറ്റുമാര്‍ക്ക് മണിക്കൂര്‍ അടിസ്ഥാനത്തില്‍ ശമ്പളം നല്‍കുകയായിരുന്നു സ്‌പൈസ് ജെറ്റ്. എന്നാല്‍ ശമ്പളയിനത്തില്‍ വന്‍ തുക ലഭിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാര്‍ രംഗത്ത് എത്തിയതടെ പൈലറ്റുമാര്‍ക്കായി പുതിയ ശമ്പള വ്യവസ്ഥ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

പൈലറ്റുമാര്‍ക്ക് ശമ്പളം ഉയര്‍ത്താം എന്നു മാത്രമല്ല അധിക മണിക്കൂര്‍ വിമാനം പറത്തുന്നവര്‍ക്ക് ഓവര്‍ ടൈം നല്‍കാമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പൈലറ്റുമാര്‍ മിക്കവരും ഒത്തു തീര്‍പ്പിന് തയ്യാറായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടപ്പാക്കിയ ശമ്പള വ്യവസ്ഥ മൂലം ശമ്പളം തുടര്‍ച്ചയായി കുറച്ചിരിക്കുകയാണെന്ന് പൈലറ്റുമാര്‍ പറയുന്നു. ഇത് കടുത്ത സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്. വിമാന കമ്പനിയുടെ പാസഞ്ചര്‍ ഫ്‌ലൈറ്റുകളില്‍ 85 ശതമാനത്തിലധികം സീറ്റുകളിലും യാത്രക്കാര്‍ എത്തിത്തുടങ്ങി. പകര്‍ച്ചവ്യാധി സമയത്ത് ഏറ്റവും വലിയ എയര്‍ കാര്‍ഗോ കാരിയറുകളില്‍ ഒന്നായി സപൈസ് ജറ്റ് മാറിയിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ശമ്പളത്തിന്റെ മൂന്നിലൊന്ന് അല്ലെങ്കില്‍ പകുതി മാത്രമാണ് ഇപ്പോള്‍ തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് പൈലറ്റുമാര്‍ പറയുന്നു.

അതേസമയം കൊവിഡ് മൂലം മിക്ക കമ്പനികളും ജീവനക്കാരെ പിരിച്ചു വിട്ടെന്നും കമ്പനി ചെലവുചുരുക്കലിന്റെ ഭാഗമായി ആരെയും പിരിച്ചു വിട്ടിട്ടില്ലെന്നും സ്‌പൈസ് ജറ്റ് അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് വ്യാപനം മൂലം യാത്രാ വിമാനങ്ങള്‍ ഇല്ലാതായതോടെ 2020 ഏപ്രില്‍ ഒന്നു മുതല്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ ആണ് ശമ്പളം നല്‍കിയിരുന്നത്. ശമ്പളം നല്‍കാതെ പൈലറ്റുമാരെ അവധിയെടുക്കാന്‍ നിര്‍ബന്ധിച്ചിരുന്നില്ല. പകര്‍ച്ചവ്യാധി സമയത്ത് മറ്റ് പല എയര്‍ലൈനുകളും ജീവനക്കാരുടെ കരാറുകള്‍ റദ്ദാക്കുകയാണ് ചെയ്തത്. കൊവിഡിന്റെ രണ്ടാമത്തെ തരംഗമാണ് സാധാരണ ശമ്പള ഘടന നടപ്പാക്കാന്‍ തടസമായതെന്ന് സ്‌പൈസ് ജറ്റ് അധികൃതര്‍ പറയുന്നു.

2021 സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ ശമ്പള ഘടന പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച് എല്ലാ ജീവനക്കാര്‍ക്കും മെയില്‍ അയച്ചിട്ടുണ്ട്. പുതിയ വ്യവസ്ഥയ്ക്ക് കീഴില്‍ എല്ലാ പൈലറ്റുമാര്‍ക്കും ഒരു നിശ്ചിത മിനിമം ശമ്പളം നല്‍കും. മിനിമം മണിക്കൂറുകളേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് അതനുസരിച്ചുള്ള ഓവര്‍ടൈം നല്‍കും. ഇടക്കാലത്തേക്കായിരിക്കും ഈ ശമ്പള വ്യവസ്ഥ. പുതിയ നയമനുസരിച്ച് നിശ്ചിത ശമ്പളമായി പൈലറ്റുമാര്‍ക്ക് കമ്പനി താരതമ്യേന ഉയര്‍ന്ന തുക തന്നെയാണ് നല്‍കുക. നിലവിലെ പൈലറ്റുമാരുടെ ക്ഷേമം കണക്കിലെടുത്താണ് ഇത്തരം ഒരു നടപടി എന്ന് കമ്പനി വ്യക്തമാക്കുന്നു.

അതേസമയം പിരിച്ചുവിടലിനെക്കുറിച്ചുള്ള കമ്പനിയുടെ അവകാശവാദങ്ങള്‍ ശരിയല്ലെന്ന് ജീവനക്കാര്‍ തന്നെ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ക്യാപ്റ്റന്‍മാര്‍ ഉള്‍പ്പെടെ നിരവധി പ്രവാസി പൈലറ്റുമാര്‍ രാജി വക്കാന്‍ നിര്‍ബന്ധിതരായി എന്നും ചില ഇന്ത്യന്‍ പൈലറ്റുമാരെ ഉള്‍പ്പെടെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രാജിവെക്കാനുള്ള തീരുമാനം പുനപരിശോധിക്കാന്‍ പോലും ഇന്ത്യന്‍ പൈലറ്റുമാരോട് കമ്പനി ആവശ്യപ്പെട്ടില്ല. പ്രവാസികളെ പിരിച്ചുവിട്ടു. സാധാരണയായി ഇങ്ങനെ സംഭവിക്കാറില്ലാത്തതാണെന്നും ജീവനക്കാര്‍ പറയുന്നു.

Author

Related Articles