News

ആവശ്യത്തിന് നിക്ഷേപകരെ ലഭിച്ചില്ല; ലക്ഷ്യം തെറ്റി സ്റ്റാര്‍ ഹെല്‍ത്ത് ഐപിഒ

രാജ്യത്തെ ഐപിഒ വിപണിയില്‍ നിക്ഷേപക താല്‍പര്യം കുറയുന്നതിന്റെ സൂചനകള്‍.  പേടിഎമ്മിന്റെ ലിസ്റ്റിങിനെ തുടര്‍ന്ന് വിപണിയിലെത്തിയ സ്റ്റാര്‍ ഹെല്‍ത്ത് ഐപിഒക്ക് ആവശ്യത്തിന് നിക്ഷേപകരെ ലഭിച്ചില്ല. വിപണിയില്‍ ലിസ്റ്റ് ചെയ്ത് രണ്ടുദിവത്തിനുള്ളില്‍ പേടിഎമ്മിന്റെ ഓഹരി വില 40 ശതമാനത്തോളം താഴ്ന്നിരുന്നു. 18,000 കോടിയോളം രൂപയാണ് പേടിഎം സമാഹരിച്ചതെങ്കില്‍ 7,249 കോടി രൂപയെന്ന ലക്ഷ്യമായിരുന്നു സ്റ്റാര്‍ ഹെല്‍ത്തിനുണ്ടായിരുന്നത്.

ഓഫര്‍ ഫോര്‍ സെയില്‍വഴിയുള്ള ഓഹരി വില്പനയുടെ ഒരുഭാഗം ഇതേതുടര്‍ന്ന് സ്റ്റാര്‍ ഹെല്‍ത്തിന് കുറയ്ക്കേണ്ടിവന്നു. വില്പനക്കുവെച്ച ഓഹരികള്‍ മുഴുവനും വാങ്ങാനുള്ള അപേക്ഷകള്‍ ലഭിക്കാതിരുന്നതാണ് സ്റ്റാര്‍ ഹെല്‍ത്തിന് തിരിച്ചടിയായത്. സമയം നീട്ടിയിട്ടും 79 ശതമാനം ഓഹരികള്‍ക്കുമാത്രമാണ് അപേക്ഷ ലഭിച്ചത്. റീട്ടെയില്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ ഭാഗം പൂര്‍ണമായും സബ്സ്‌ക്രൈബ് ചെയ്തെങ്കിലും അതിസമ്പന്നര്‍ക്ക് നീക്കിവെച്ചിട്ടുള്ള ഓഹരികള്‍ക്കാണ് ആവശ്യത്തിന് അപേക്ഷകള്‍ ലഭിക്കാതിരുന്നത്.

750 കോടി (10 കോടി ഡോളര്‍) രൂപമൂല്യമുള്ള ഓഹരികള്‍ക്കുള്ള അപേക്ഷകളുടെ കുറവാണുണ്ടായത്. ഇതേതുടര്‍ന്ന് ഓഫര്‍ ഫോര്‍ സെയില്‍ വഴിയുള്ള ഓഹരി വില്പനയുടെ ഭാഗം കമ്പനിക്ക് കുറയ്ക്കേണ്ടി വന്നു. 7,249 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഐപിഒയുമായെത്തിയത്. 2000 കോടി രൂപയുടെ പുതിയ ഓഹരികളും 5249 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയി(നിലവിലുള്ള ഓഹരി ഉടമകള്‍ വിറ്റൊഴിയുന്നത്)ലുമാണ് ഉദ്ദേശിച്ചിരുന്നത്. ഓഹരിയൊന്നിന് 870-900 നിലവാരത്തിലാണ് വില നിശ്ചിയിച്ചിരുന്നത്.

News Desk
Author

Related Articles