News

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കാന്‍ ഇപിഎഫ്ഒയും എല്‍ഐസിയും

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും(ഇപിഎഫ്ഒ) എല്‍ഐസിയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയില്‍ പങ്കാളികളായേക്കും. ഇപിഎഫ്ഒയും എല്‍ഐസിയും താല്‍പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ സിഡ്ബിയുടെ നേതൃത്വത്തില്‍ ഫണ്ട് കൈകാര്യം ചെയ്യുന്നുണ്ട്.

പ്രാരംഭ ഘട്ടത്തില്‍ തന്നെ ഫണ്ട് നല്‍കുന്ന പദ്ധതി വിപുലീകരിക്കുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ 6000ത്തോളം ഏയ്ഞ്ചല്‍ നിക്ഷേപകരാണ് നിലവിലുള്ളത്. യുഎസിലാകട്ടെ മൂന്നുലക്ഷത്തോളം വരുമിത്. ഈ സാഹചര്യത്തില്‍ പുതിയ പ്ലാറ്റ്ഫോം ഒരുക്കി പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ഉദ്ദേശിക്കുന്നത്.

എളുപ്പത്തില്‍ ബിസിനസ് തുടങ്ങല്‍, സീഡ് ഫണ്ടിങ് വഴി സാമ്പത്തിക സഹായം നല്‍കല്‍, പുതിയ സംരംഭകരെ ആകര്‍ഷിക്കല്‍, പ്രശ്നങ്ങള്‍ക്ക് ഉചിതമായ പരിഹാരംകാണല്‍ തുടങ്ങിയവ സമഗ്രമായി പരിഗണിക്കും. കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാഷണല്‍ സ്റ്റാര്‍ട്ടപ്പ് ഉപദേശക സമിതിയോഗത്തിലാണ് ഇരു സ്ഥാപനങ്ങളും താല്‍പര്യം പ്രകടിപ്പിച്ചത്.

Author

Related Articles