News

സംസ്ഥാന ബജറ്റ് ജനുവരി 15ന്; പ്രതീക്ഷയോടെ കേരളം

മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇത്തവണത്തെ സംസ്ഥാന ബജറ്റ് ജനുവരി 15ന്. കൊവിഡ് പ്രതിസന്ധി കാലത്ത് ഏവരും ഉറ്റു നോക്കുന്ന ബജറ്റാണ് ഇത്തവണത്തേത്. ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെ ഉയര്‍ന്നേക്കാമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തീര്‍ച്ചയില്ല ക്ഷേമ പെന്‍ഷന്‍ അടുത്തിടെ 1,500 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഈ തുക വീണ്ടും ഉയര്‍ത്തിയേക്കും എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇത്തവണത്തെ ബജറ്റ് എന്തായാലും വോട്ടര്‍മാരെ നിരാശപ്പെടുത്താന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍. ഇക്കാര്യം ധനമന്ത്രി തോമസ് ഐസക്ക് തന്നെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക നില പരുങ്ങലിലാണെന്നും പുതിയ ധന നയം ആവശ്യമാണെന്നും ധന മന്ത്രി തോമസ് ഐസക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു.

കൊവിഡ് പ്രതിസന്ധി മറികടന്ന് മുന്നേറാന്‍ സംസ്ഥാനത്തിന് സഹായകരമാകുന്ന പദ്ധതികള്‍ ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. സ്ത്രീകളിലെ തൊഴില്‍ ഇല്ലായ്മ പരിഹരിയ്ക്കാനുള്‍പ്പെടെയുള്ള പദ്ധതികളെ കുറിച്ചുള്ള സൂചനകളും ബജറ്റിന് മുന്നോടിയായി അദ്ദേഹം ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നല്‍കിയിയിരുന്നു.

കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ എന്നും ഇത് പരിഹരിക്കുക എന്നത് കേരളത്തിന് മുന്നിലുള്ള കടമയാണെന്നും ധനമന്ത്രി വ്യക്തമാക്കി. അതുകൊണ്ട് തന്നെ ബജറ്റില്‍ ഈ മേഖലയ്ക്ക് ഊന്നല്‍ നല്‍കാന്‍ സാധ്യത കൂടുതലാണ്.

Author

Related Articles