News

ജിഎസ്ടി സ്ലാബുകള്‍ യോജിപ്പിച്ചേക്കും; നികുതി പരിഷ്‌കരണത്തിന് ശുപാര്‍ശ

ജിഎസ്ടി സ്ലാബ് ഘടനയില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ രൂപീകരിച്ച സംസ്ഥാന മന്ത്രിമാരുടെ പാനല്‍ നികുതി സ്ലാബ് പരിഷ്‌കരണത്തിന് ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുകള്‍. നിലവിലെ 12 ശതമാനം 18 ശതമാനം സ്ലാബുകള്‍ യോജിപ്പിച്ച് ഒറ്റ സ്ലാബ് ആക്കാനാണ് നിര്‍ദേശം. ഇവയ്ക്ക് പകരം15 ശതമാനം നികുതി സ്ലാബ് കൊണ്ടുവരാനാണ് ശുപാര്‍ശ. എന്നാല്‍ അടിസ്ഥ ജിഎസ്ടി നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് എട്ട് ശതമാനം ആയി ഉയര്‍ത്താനും നിര്‍ദ്ദേശമുണ്ട്. വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ നികുതി സ്ലാബിലെ മാറ്റങ്ങള്‍ പൊതുജനങ്ങള്‍ക്ക് അധിക ഭാരമാകും. നികുതിയില്‍ മൂന്ന് ശതമാനമാണ് അധിക വര്‍ധന വരുന്നത്.

ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടായേക്കും. ഇത് ജിസഎസ്ടിയില്‍ നിന്നുള്ള വരുമാനം ഉയര്‍ത്തും.ജിഎസ്ടി നഷ്ട പരിഹാരത്തിനായി സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആയേക്കും. ഏറ്റവും താഴ്ന്ന നികുതി സ്ലാബ് വര്‍ധിപ്പിക്കുന്നതിലൂടെ, വരുമാനം ഉയര്‍ത്തുക തന്നെയാണ് ലക്ഷ്യം. സംസ്ഥാന ധനമന്ത്രിമാരുടെ പാനല്‍ ഇതിനായി വിവിധ നടപടികള്‍ നിര്‍ദ്ദേശിക്കുന്നത്. ഈ മാസം അവസാനത്തോടെ ജിഎസ്ടി കൗണ്‍സിലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. നിലവില്‍ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണ് നികുതി നിരക്കുകളുടെ സ്ലാബ്.

നിലവില്‍ അവശ്യ സാധനങ്ങളില്‍ മിക്കതും ഏറ്റവും കുറഞ്ഞ നികുതി സ്ലാബില്‍ ആണ് ഉള്‍പ്പെടുന്നത്. അതേസമയം ആഡംബര ഉത്പന്നങ്ങളും മറ്റും ഉയര്‍ന്ന നികുതി സ്ലാബിലാണ്. സ്ലാബില്‍ ഇപ്പോള്‍ നിഷ്‌കര്‍ഷിക്കുന്ന മാറ്റം വന്നാല്‍ അവശ്യ സാധനങ്ങള്‍ക്ക് വീണ്ടും വില ഉയരുകയും 18 ശതമാനം സ്ലാബിലെ ഉത്പന്നങ്ങള്‍ക്ക് വില കുറയുകയും ചെയ്യും. വിലക്കയറ്റം കുതിച്ചുയരുന്ന സാഹചര്യത്തില്‍ നികുതി വര്‍ധനയുണ്ടായാല്‍ സാധാരണക്കാര്‍ക്ക് വീണ്ടും ഭാരമാകും.

ജിഎസ്ടി നടപ്പിലാക്കിയ സമയത്ത് നികുതി വരുമാനത്തില്‍ ഉണ്ടാകുന്ന വിടവ് നികത്താന്‍ അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് വീണ്ടും തുടര്‍ വര്‍ഷങ്ങളിലും തുടരണമെന്നാണ് മിക്ക സംസ്ഥാനങ്ങളുടെയും ആവശ്യം. ജിഎസ്ടി നടപ്പാക്കിയ ശേഷം സംസ്ഥാനങ്ങളുടെ നികുതി വരുമാനം കുത്തനെ ഇടിഞ്ഞതാണ് കാരണം. ജിഎസ്ടിയിലൂടെയുണ്ടായ വരുമാനത്തിലെ കുറവ് പരിഹരിക്കാന്‍ ഇപ്പോള്‍ മാര്‍ഗങ്ങള്‍ തേടുകയാണ് കേന്ദ്രം.

Author

Related Articles