News

കിഴക്കന്‍ സ്റ്റീല്‍ മേഖലയില്‍ 70 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് സര്‍ക്കാര്‍

കൊല്‍ക്കത്ത: രാജ്യത്തെ സ്റ്റീല്‍ മേഖലയില്‍ 70 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് സ്റ്റീല്‍ മന്ത്രാലയം. പശ്ചിമബംഗാള്‍,ഛത്തസ്ഗഢ്,വടക്കന്‍ ആന്ധ്രപ്രദേശ്,ജാര്‍ഖണ്ഡ്,ഒഡീഷ എന്നിവിടങ്ങളിലെ വികസനം എത്താത്ത ജില്ലകളിലാണ് സ്റ്റീല്‍ വ്യവസായത്തിന് മതിയായ പ്രോത്സാഹനം നടത്താനാണ് വന്‍ നിക്ഷേപത്തിന് പദ്ധതിയിടുന്നത്. കേന്ദ്ര സ്റ്റീല്‍ പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ വന്‍തോതില്‍ ധാതു ഉറവിടങ്ങളുള്ള പ്രദേശങ്ങളില്‍ സ്റ്റീല്‍ വ്യവസായം കൂടുതല്‍ വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. ഈ നിരയിലേക്ക് ബിഹാറിനെയും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

2017ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ സ്റ്റീല്‍ നയത്തിന്റെ ഭാഗമായി ഇനി വരുന്ന പത്ത് വര്‍ഷത്തിനകം മുന്നൂറ് ദശലക്ഷം ടണ്ണാക്കി സ്റ്റീല്‍ വ്യവസായ മേഖലയിലെ മൊത്തം ഉല്‍പ്പാദനം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതില്‍ 200 ദശലക്ഷം ടണ്‍ ലക്ഷ്യമിട്ടിരിക്കുന്നത് ഈ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും മന്ത്രി പറഞ്ഞു. ഇരുമ്പ്,കല്‍ക്കരി,ബോക്‌സൈറ്റ് എന്നിവയുടെ സാന്നിധ്യം ഈ അഞ്ച് സംസ്ഥാനങ്ങളില്‍ വേണ്ടുവോളമുണ്ട്. രാജ്യത്തെ മൊത്തം സ്റ്റീല്‍ ഉല്‍പ്പാദനമായ 140 ദശലക്ഷം ടണ്ണില്‍ 90 ദശലക്ഷം ടണ്ണു ഇവിടെ നിന്നുള്ളവയാണ്. 2024 -25 ഓടുകൂടി സമ്പദ് വ്യവസ്ഥ അഞ്ച് ട്രില്യണിലെത്താന്‍ ഈ മേഖലയുടെ സംഭാവന സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

നിലവില്‍ 607 ദശലക്ഷം ടണ്‍ കല്‍ക്കരി ഉല്‍പ്പാദിപ്പിക്കുന്നത് 2023-24 ന് 900 ദശലക്ഷം ടണ്ണാക്കി മാറ്റാനാണ് ശ്രമമെന്ന് കല്‍ക്കരി ഇന്ത്യാ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനില്‍ ത്സാ പറഞ്ഞു. അഞ്ച് സ്റ്റീല്‍ പ്ലാന്റുകളുള്ള സെയില്‍ ഇരുപത് ദശലക്ഷം ടണ്‍ ഉല്‍പ്പാദനത്തോടെ കിഴക്കന്‍ മേഖലയിലെ ശക്തമായ സാന്നിധ്യമാണ്. വാതക,എണ്ണ പൈപ്പ് ലൈനുകള്‍ വികസിപ്പിക്കുന്നതോടെ സ്റ്റീല്‍ ഉപഭോഗത്തിലെ ഡിമാന്റ് ഉയരുമെന്ന് ഐഓസി ചെയര്‍മാന്‍ സഞ്ജീവ് സിങ് ചൂണ്ടിക്കാട്ടി.  എണ്ണ,വാതക വ്യവസായത്തിന് സ്റ്റീല്‍ വ്യവസായവുമായി ശക്തമായ ബന്ധമുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Author

Related Articles