News

കോവിഡില്‍ തളരാതെ രൂപയും ഓഹരി വിപണിയും

കൊച്ചി: കോവിഡ് പിടിച്ചുലച്ച 2020-21 സാമ്പത്തിക വര്‍ഷം ഓഹരി വിപണിയിലുണ്ടായത് വമ്പന്‍ തകര്‍ച്ചയും അതിശയിപ്പിക്കുന്ന തിരിച്ചുകയറ്റവും. ഓഹരി സൂചികയായ ബിഎസ്ഇ സെന്‍സെക്‌സ് ഒരു വര്‍ഷത്തിനിടെ കുതിച്ചത് 66 ശതമാനമാണ്. കോവിഡ് ഭീതിക്കിടയിലും നിക്ഷേപകര്‍ക്കു നല്‍കിയത് ഉയര്‍ന്ന നേട്ടം.  

ലോക്ഡൗണിന്റെ ആദ്യ ദിനങ്ങളിലൊന്നായ 2020 ഏപ്രില്‍ 3ന് സെന്‍സെക്‌സ് ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു; 27,500.79 പോയിന്റ്. എന്നാല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍  സെന്‍സെക്‌സ് കുതിച്ചു. ഏറ്റവും ഉയര്‍ന്ന നിലവാരമായ 52,516.76 പോയിന്റിലേക്ക് 2021 ഫെബ്രുവരി 16ന് എത്തുകയും ചെയ്തു. 19,540.01 പോയിന്റിന്റെ(66.30%) നേട്ടം. രാജ്യത്തെ അണ്‍ലോക്ക് പ്രക്രിയയും വാക്‌സീന്റെ വരവുമാണ് കാളക്കൂറ്റന്മാര്‍ക്ക് കരുത്തായത്. ലോകമാകമാനം ഓഹരിവിപണികളിലും  ഉണര്‍വ് പ്രകടമായിരുന്നു. നവംബറില്‍ ലോത്തെ എല്ലാ ഓഹരിവിപണികളിലും വന്‍ കുതിപ്പാണുണ്ടായത്. കേന്ദ്ര ബജറ്റ് ഉണര്‍ത്തിയ അനുകൂലതരംഗത്തെ തുടര്‍ന്ന് ഫെബ്രുവരി 3നാണ് സെന്‍സെക്‌സ് 50000 പോയിന്റ് എന്ന റെക്കോര്‍ഡ് പിന്നിട്ടത്.

ഈ സാമ്പത്തിക വര്‍ഷം രൂപ കൈവരിച്ചത് 4% വളര്‍ച്ച. ഓഹരി വിപണിയിലെ വിദേശ നിക്ഷേപം കൂടിയതും റിസര്‍വ് ബാങ്ക് നയങ്ങളുമാണ് രൂപയ്ക്കു കരുത്തായത്. കോവിഡിന്റെ ആദ്യ ദിനങ്ങളില്‍ ഓഹരിവിപണി വില്‍പനസമ്മര്‍ദത്തിലായതോടെ ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 76.90 എന്ന താഴ്ന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവു വരികയും, സര്‍ക്കാരും ആര്‍ബിഐയും ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തതോടെ രൂപ തിരിച്ചുകയറാന്‍ തുടങ്ങി.   72 രൂപ നിലവാരത്തിലേക്കു വരെ എത്തി.

Author

Related Articles