News

സൂയസ് കനാല്‍ പ്രതിസന്ധി: ചരക്കുനീക്കം സുഗമമാക്കാന്‍ നടപടികളുമായി ഇന്ത്യ

ന്യൂഡല്‍ഹി: സൂയസ് കനാലില്‍ കുടുങ്ങിയ 'എവര്‍ഗിവണ്‍' ചരക്കുകപ്പല്‍ വലിച്ചുനീക്കിയെങ്കിലും ചരക്കുനീക്കം സാധാരണ ഗതിയിലാകാന്‍ ഒരാഴ്ചയെങ്കിലും എടുത്തേയ്ക്കുമെന്ന് അനുമാനം. അതിനനുസരിച്ച് ഇന്ത്യയില്‍ ബന്ധപ്പെട്ട കാര്യങ്ങള്‍ സുഗമമാക്കാന്‍ വാണിജ്യ, ഷിപ്പിങ് മന്ത്രാലയങ്ങള്‍ നടപടികളാരംഭിച്ചു. ഇന്ത്യയിലേക്കുള്ള ഇറക്കുമതിയെ ഇതു ബാധിക്കില്ലെങ്കിലും കയറ്റുമതിയെ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. നിത്യോപയോഗ സാധന വിലയെ പ്രതിസന്ധി ബാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

വിലക്കയറ്റമോ ക്ഷാമമോ വലിയ തോതില്‍ അനുഭവപ്പെടാനിടയില്ലെന്നാണ് കണക്കു കൂട്ടല്‍. ക്രൂഡ് വില ഇന്നലെ താഴ്ന്നിട്ടുണ്ട്. ലോകത്തിലെ എണ്ണ നീക്കത്തിന്റെ 12 % സൂയസ് കനാല്‍ വഴിയാണ്.  5 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇതുവഴി ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. 2 ലക്ഷം ബാരല്‍ സംസ്‌കരിച്ച ക്രൂഡ് കയറ്റുമതിയും ചെയ്യുന്നുണ്ട്. ഇതു കൂടാതെ വിദേശ ഫര്‍ണിച്ചറുകള്‍, കാപ്പി, കരകൗശല വസ്തുക്കള്‍, ഓട്ടമൊബീല്‍ ഉപകരണങ്ങള്‍, ഓര്‍ഗാനിക് കെമിക്കല്‍സ്, ഇരുമ്പ്, ഉരുക്ക് തുടങ്ങിയവയാണ് പ്രധാനമായും യൂറോപ്പില്‍ നിന്ന് എത്തുന്നത്. എന്നാല്‍ ഇന്ത്യയുടെ ഇറക്കുമതി അധികവും പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ചൈനയില്‍ നിന്നുമായതിനാല്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടില്ലെന്നാണ് വിലയിരുത്തല്‍.

പെട്ടെന്ന് നശിക്കുന്ന വസ്തുക്കള്‍ക്ക് മുന്‍ഗണന നല്‍കിയും ആഫ്രിക്കയിലെ കേപ് ഓഫ് ഗുഡ്‌ഹോപ് മുനമ്പു വഴി തിരിച്ചുവിട്ടും കടത്തു കൂലി നിലവിലുള്ളതു പോലെ നിര്‍ത്തിയും പ്രതിസന്ധി നേരിടാനാണ് വാണിജ്യ മന്ത്രാലയവും ഷിപ്പിങ് മന്ത്രാലയവും ചേര്‍ന്ന് ബന്ധപ്പെട്ട മേഖലകളിലുള്ളവരെ വിളിച്ചു ചേര്‍ത്ത യോഗത്തിലെ തീരുമാനം. ഷിപ്പിങ്, കണ്ടെയ്‌നര്‍ വാടകയിലുണ്ടായേക്കാവുന്ന വാടക കുറയ്ക്കാന്‍ നടപടികളുണ്ടാവും.

ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളില്‍ ഒരുമിച്ചു വരുന്ന കപ്പലുകളില്‍ നിന്ന് അതിവേഗം ചരക്കിറക്കുന്നതിനു വേണ്ട നടപടികളെടുക്കാനും തീരുമാനിച്ചു. കണ്ടെയ്‌നര്‍ഷിപ്പിങ് ലൈന്‍സ് അസോസിയേഷനും കയറ്റുമതിക്കാരുടെയും ഇറക്കുമതിക്കാരുടെയും സംഘടനകളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

News Desk
Author

Related Articles