News

കനത്ത തിരിച്ചടി; പാപ്പരത്ത നടപടി നേരിട്ട് സൂപ്പര്‍ടെക്ക്

ന്യൂഡല്‍ഹി: സൂപ്പര്‍ടെക്ക് ഗ്രൂപ്പ് കമ്പനികളിലൊന്നായ റിയല്‍ എസ്റ്റേറ്റ് സ്ഥാപനം സൂപ്പര്‍ ടെക്ക് ലിമിറ്റഡിനെതിരെ പാപ്പരത്ത നടപടികള്‍ ആരംഭിച്ചു. നോയിഡ ആസ്ഥാനമായുള്ള കമ്പനിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ടാമത്തെ തിരിച്ചടിയാണിത്. കെട്ടിട മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സൂപ്പര്‍ടെക് ലിമിറ്റഡിന്റെ നോയിഡയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന എമറാള്‍ഡ് കോര്‍ട്ട് പദ്ധതിയുടെ ഭാഗമായ 40 നിലകളുള്ള ഇരട്ട ടവറുകള്‍ പൊളിക്കാന്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 31 ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

വായ്പാ ദാതാക്കളായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കമ്പനിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) ഒരു ഇടക്കാല റെസലൂഷ്യന്‍ പ്രൊഫഷണലിനെ നിയമിച്ചിരുന്നു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുള്ള 150 കോടി രൂപയടക്കം സൂപ്പര്‍ടെക് ലിമിറ്റഡിന്റെ കടം ഏകദേശം 1,200 കോടി രൂപയാണ്.

നിലവില്‍ പാസാക്കപ്പെട്ട ഉത്തരവിനെതിരെ ലോ അപ്പലേറ്റ് ട്രിബ്യൂണലിന് മുന്‍പാകെ അപ്പീലുമായി പോകാനാണ് സൂപ്പര്‍ടെക്ക് തീരുമാനിച്ചിരിക്കുന്നത്.  സൂപ്പര്‍ടെക് ഗ്രൂപ്പിന്റെ മറ്റ് കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ പാപ്പരത്ത നടപടികള്‍ ബാധിക്കില്ല. സൂപ്പര്‍ടെക് ലിമിറ്റഡില്‍ ഏകദേശം 12 ഭവന പദ്ധതികള്‍ ഉണ്ട്. അവയ്‌ക്കെതിരെയും പാപ്പരത്ത നടപടികള്‍ ആരംഭിച്ചു. ഈ പദ്ധതികളില്‍ 90 ശതമാനവും പൂര്‍ത്തിയായതായാണ് കമ്പനി നല്‍കുന്ന വിശദീകരണം.

Author

Related Articles