News

എജിആര്‍ കുടിശ്ശികയില്‍ ജിയോക്ക് മാത്രം എന്തിനാണ് ഇളവ് ? : കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്‌പെക്ട്രം ലൈസന്‍സുമായി ബന്ധപ്പെട്ട എജിആര്‍ കുടിശ്ശികയില്‍ റിലയന്‍സ് ജിയോക്ക് മാത്രം എന്തിനാണ് ഇളവ് അനുവദിച്ചതെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. ഇക്കാര്യത്തില്‍ കേന്ദ്രത്തോട് വിശദീകരണം സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് ലഭിച്ച സ്‌പെക്ട്രം ലൈസന്‍സാണ് ജിയോ പങ്കുവയ്ക്കുന്നത്. ഇത്തരത്തില്‍ സ്‌പെക്ട്രം ലൈസന്‍സ് പങ്കുവച്ചിട്ടും എജിആര്‍ തുക ജിയോയില്‍ നിന്ന് ഈടാക്കേണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

പാപ്പരത്വ നടപടികളുടെ സമയത്ത് കേന്ദ്രസര്‍ക്കാരിലെ ടെലികോം വകുപ്പും കോര്‍പ്പറേറ്റ് അഫയേര്‍സ് വകുപ്പും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് കേന്ദ്രം സുപ്രീം കോടതിയില്‍ വാദിച്ചത്. എജിആര്‍ തുകയുടെ കാര്യത്തില്‍ സുപ്രീം കോടതി എന്ത് തീരുമാനം എടുത്താലും കേന്ദ്രസര്‍ക്കാര്‍ അത് പാലിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എസ് അബ്ദുള്‍ നസീര്‍, എംആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വാദം കേട്ടത്. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് അടയ്‌ക്കേണ്ട കുടിശ്ശികയുടെ ഓരോ വര്‍ഷത്തെയും കണക്ക് കോടതിയില്‍ സമര്‍പ്പിക്കാന്‍ ബെഞ്ച് ടെലികോം മന്ത്രാലയത്തിന് നിര്‍ദ്ദേശം കൊടുത്തു. കേസ് വാദം കേള്‍ക്കല്‍ ഓഗസ്റ്റ് 18ലേക്ക് മാറ്റി.

മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് ജിയോക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. കമ്പനി പാപ്പരത്വ നടപടികളുടെ ഭാഗമായിരുന്നില്ലെന്നും റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ സ്‌പെക്ട്രം തങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും സാല്‍വേ കോടതിയില്‍ വാദിച്ചു.

News Desk
Author

Related Articles