News

സൊമാറ്റോയ്ക്ക് പിന്നാലെ വന്‍ നിക്ഷേപ സമാഹരണം നടത്തി സ്വിഗ്ഗിയും; 9,357 കോടി രൂപ സ്വന്തമാക്കി

ബെംഗളൂരു: 1.25 ബില്യണ്‍ ഡോളറിന്റെ (9,357 കോടി രൂപ) നിക്ഷേപ സമാഹരണ ഘട്ടം പൂര്‍ത്തിയാക്കിയതായി ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം സ്വിഗ്ഗി പ്രഖ്യാപിച്ചു. സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട്‌സും സ്വിഗ്ഗിയിലെ ദീര്‍ഘകാല നിക്ഷേപകരായ പ്രോസസുമാണ് ഈ ഫണ്ടിംഗ് റൗണ്ടിനെ നയിച്ചത്. ലോകത്തിലെ തന്നെ വലിയ ടെക്‌നോളജി നിക്ഷേപകരാണ് പ്രോസസ്. കഴിഞ്ഞ ആഴ്ച തങ്ങളുടെ എതിരാളികളായ സൊമാറ്റോ ഐപിഒയിലൂടെ വന്‍ സമാഹരണം നടത്തിയതിന് പിന്നാലെയാണ് സ്വിഗ്ഗിയും തങ്ങളുടെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുള്ളത്.

പുതിയ നിക്ഷേപം തങ്ങളുടെ പ്രധാന മേഖലയായ ഭക്ഷണ വിതരണ ബിസിനസിനെ വളര്‍ത്തുന്നതിനും ഭക്ഷണത്തിലും ഭക്ഷ്യേതര മേഖലയിലും ലഭ്യമാകുന്ന പുതിയ അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതിനും ഉപയോഗിക്കുമെന്ന് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം പ്രസ്താവനയില്‍ വ്യക്തമാക്കി. അവശ്യ വസ്തുക്കളുടെ വിതരണ വിപണി അടുത്ത ഒരു ദശകത്തില്‍ 500 ദശലക്ഷം ഉപയോക്താക്കളിലേക്ക് വളരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) എന്നിവയിലെ ശേഷി വര്‍ധിപ്പിക്കുമെന്നും എഞ്ചിനീയറിംഗ്, പ്രൊഡക്റ്റ്, ഡാറ്റാ സയന്‍സ്, അനലിറ്റിക്‌സ്, ബിസിനസ്, സപ്ലൈ ചെയിന്‍ എന്നിവയിലുടനീളം ടീമുകളെ ശക്തിപ്പെടുത്തുമെന്നും സ്വിഗ്ഗി പറഞ്ഞു. 'ഇന്ത്യയില്‍ ഭക്ഷ്യ വിതരണത്തിന്റെ സാധ്യത വളരെ വലുതാണ്. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍, ഈ വിഭാഗത്തിലെ വളര്‍ച്ചയ്ക്കായി ഞങ്ങള്‍ ആക്രമണാത്മകമായി നിക്ഷേപം തുടരും. ഞങ്ങളുടെ ഏറ്റവും വലിയ നിക്ഷേപം നമ്മുടെ ഭക്ഷണേതര ബിസിനസുകളിലായിരിക്കും, പകര്‍ച്ചവ്യാധിയുടെ കഴിഞ്ഞ 15 മാസങ്ങളില്‍ അത് വളരേയധികം വളര്‍ച്ച പ്രകടമാക്കി, ''സ്വിഗ്ഗി സിഇഒ ശ്രീഹര്‍ഷ മജെതി പറഞ്ഞു.

Author

Related Articles