News

സ്ത്രീകള്‍ക്ക് 2 ദിവസം ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി അനുവദിച്ച് സ്വിഗി

മുംബൈ: തങ്ങളുടെ ഡെലിവറി പാര്‍ട്ണര്‍മാരായ സ്ത്രീ ജീവനക്കാര്‍ക്ക് മാസത്തില്‍ രണ്ടുദിവസം ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി അനുവദിക്കുമെന്ന് സ്വിഗി. വാര്‍ത്താക്കുറിപ്പിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കുന്നത്. ആര്‍ത്തവകാലത്ത് നിരന്തരം വണ്ടിയില്‍ യാത്ര ചെയ്യുന്നത് സ്ത്രീ ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന തിരിച്ചറിവില്‍ നിന്നാണ് കമ്പനി ആര്‍ത്തവ അവധി എന്ന തീരുമാനത്തിലേക്ക് എത്തിയത്.

നിലവില്‍ അധികം സ്ത്രീകള്‍ ഒന്നും ഡെലിവറി രംഗത്തേക്ക് കടന്നു വരുന്നില്ല. ഈ സാഹചര്യത്തിലാണ് വമ്പന്‍ പരിഷ്‌കാരം ലക്ഷ്യമിട്ടുകൊണ്ട് കമ്പനി തീരുമാനത്തിലെത്തിയത്. തങ്ങളുടെ റെഗുലര്‍ ഡെലിവറി പാര്‍ട്ണര്‍മാരായ സ്ത്രീകള്‍ക്ക് ആര്‍ത്തവകാലത്ത് അവധി എടുക്കുന്നതിന് കാരണം ബോധിപ്പിക്കേണ്ട ആവശ്യവുമില്ല. സ്വിഗിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഡെലിവറി പാര്‍ട്ണര്‍മാരില്‍ 99 ശതമാനം സ്ത്രീകളും 45 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ഇതില്‍ തന്നെ 89 ശതമാനം പേരും അമ്മമാരാണ്. ആയിരത്തോളം സ്ത്രീകളാണ് സ്വിഗിയുടെ ഡെലിവറി പാര്‍ട്ണര്‍മാരായി പ്രവര്‍ത്തിക്കുന്നത്.

സ്വിഗിയുടെ പ്രധാന എതിരാളിയായ സോമാറ്റോയില്‍ നിലവില്‍ ആര്‍ത്തവ അവധിയുണ്ട്. എന്നാലിത് ഡെലിവറി പാര്‍ട്ണര്‍മാര്‍ക്കല്ല. സ്ഥിരം ജീവനക്കാര്‍ക്ക് മാത്രമാണ് ആര്‍ത്തവ അവധി. അതേസമയം സ്ത്രീകളായ ഡെലിവറി പാര്‍ട്ണര്‍മാര്‍ക്ക് ശൗചാലയം ആവശ്യാനുസരണം ഉപയോഗിക്കുന്നതിന് റസ്റ്റോറന്റ് ഉടമകളുമായി ഇരുകമ്പനികളും നേരത്തെ തന്നെ ധാരണയിലെത്തിയിട്ടുണ്ട്. ഡെലിവറി പാര്‍ട്ണര്‍മാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു വേണ്ടി, അവര്‍ക്ക് സുരക്ഷിതമല്ലെന്ന് തോന്നുന്ന പ്രദേശങ്ങളിലേക്കുള്ള ഓര്‍ഡറുകള്‍ നിരസിക്കാന്‍ അവസരമുണ്ട്. ഇതിലൂടെ കൂടുതല്‍ സ്ത്രീകളെ ഡെലിവറി രംഗത്തേക്ക് കൊണ്ടുവരാന്‍ സാധിച്ചേക്കും.

Author

Related Articles