News

3 പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിച്ചേക്കും; പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉള്‍പ്പെടെ 3  പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ പരമോന്നത തിങ്ക് ടാങ്ക് ആയ നിതി ആയോഗ് മുന്നോട്ടുവച്ച നിര്‍ദേശ പ്രകാരമാണ് ഈ നീക്കമെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഐഒബിയ്ക്കു പുറമേ ബാങ്ക് ഓഫ് മഹാരാഷ്ട്രയും പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കുമാണ് സ്വകാര്യവത്കരണത്തിനായുള്ള പട്ടികയില്‍ ഉള്‍പ്പെടുന്നത്. നേരത്തെ നടത്തിയ ലയനങ്ങളില്‍ നിന്നും ഈ മൂന്ന് ബാങ്കുകളെയും മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. വളര്‍ച്ചാഗതിയില്‍ നിന്നു മാറി തളര്‍ച്ചയിലായ ബാങ്കുകളെ നികുതിദായകരുടെ പണം ഉപയോഗിച്ച് തകരാതെ നിര്‍ത്തുന്നത് ഗുണകരമാകില്ലെന്ന അഭിപ്രായവുമായാണ് നിതി ആയോഗ് സ്വകാര്യവത്കരണ നിര്‍ദ്ദേശം മുന്നോട്ടുവച്ചിട്ടുള്ളത്.'ദീര്‍ഘകാല' സ്വകാര്യ മൂലധനം പൊതുമേഖലാ ബാങ്കുകളിലേക്ക് അനുവദിക്കണമെന്നാണു നിര്‍ദ്ദേശം.മികവു തെളിയിച്ച വ്യവസായ ഗ്രൂപ്പുകള്‍ക്ക് കര്‍ശന വ്യവസ്ഥകളോടെ ബാങ്കിംഗ് ലൈസന്‍സ് അനുവദിക്കുന്നത് രാജ്യത്തിന്റെ ബാങ്കിംഗ് വ്യവസായത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നതാണ് നിതി ആയോഗ് മുന്നോട്ടുവച്ച മറ്റൊരു അഭിപ്രായം.

രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വന്‍ വിപ്ലവത്തിന് തുടക്കംകുറിച്ച ബാങ്ക് ദേശസാല്‍ക്കരണം 50 വയസ് പിന്നിട്ടപ്പോഴാണ് വിപരീത ദിശയില്‍ നീങ്ങണമെന്ന നിര്‍ദ്ദേശം നിതി ആയോഗ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇന്ദിരാഗാന്ധി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ 1969 ജൂലൈ 19 നാണ് 14 ബാങ്കുകളെ പൊതുമേഖലാ ബാങ്കുകളായി പ്രഖ്യാപിച്ചത്. നിലവില്‍ രാജ്യത്തെ മൊത്തം നിക്ഷേപത്തിന്റെ 70% നിയന്ത്രിക്കുന്നത് ഈ 14 ബാങ്കുകളുടെ പിന്‍ തലമുറയാണ്.

ബാങ്കിങ് കമ്പനീസ് ഓര്‍ഡിനന്‍സ് എന്ന പേരിലുള്ള പ്രത്യേക നിയമം പാസാക്കി ദേശസാല്‍ക്കരണം ബാധകമായത്  അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ദേനാ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഐഒബി, യൂക്കോ ബാങ്ക്, പിഎന്‍ബി, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയ്ക്കായിരുന്നു.സാധാരണക്കാരില്‍ ബാങ്കിങ് ശീലം വളര്‍ത്താന്‍ ദേശസാല്‍ക്കരണം വഴിതുറന്നു. ഗ്രാമങ്ങളില്‍ ശാഖകള്‍ കൂടി. നിക്ഷേപം സുരക്ഷിതമാണെന്ന ബോധ്യം കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ബാങ്കുകളെ സഹായിച്ചു. കൃഷി, മുന്‍ഗണനാ വിഭാഗങ്ങള്‍ക്കു വായ്പ കൂടുതല്‍ ലഭിച്ചു. കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കാനും ഇതു വഴിവച്ചു.

എന്നാല്‍, പ്രഫഷനലിസത്തിനു പ്രാധാന്യം നല്‍കാതെവന്നത് ദേശസാല്‍ക്കൃത ബാങ്കുകള്‍ക്ക് വിനയായി മാറി. സ്വകാര്യ മേഖലയില്‍ ബാങ്കുകള്‍ ആധുനിക ബിസിനസ് തന്ത്രങ്ങളുമായി മുന്നേറിയപ്പോള്‍ രാഷ്ട്രീയ നിയന്ത്രണങ്ങളുടെയും മറ്റും മറവില്‍  കാര്യക്ഷമത ഇടിഞ്ഞു. കിട്ടാക്കടം അമിതമായി. ഈ കുരുക്ക് വീണ്ടും മുറുകാതിരിക്കാന്‍ സ്വകാര്യവത്കരണ വഴി തേടണമെന്നാണ് നിതി ആയോഗ് വാദിക്കുന്നത്.

Author

Related Articles