ഏറ്റെടുക്കലിന് പിന്നാലെ പ്രതിസന്ധിയിലായി എയര്‍ ഇന്ത്യ; തൊഴിലാളികള്‍ പണിമുടക്കുന്നു
എയര്‍ ഇന്ത്യയില്‍ സമരം ഇന്ന് മുതല്‍. സ്വകാര്യവല്‍ക്കരിക്കപ്പെട്ട ശേഷം എയര്‍ ഇന്ത്യയിലെ ആദ്യ പണിമുടക്ക് ഫെബ്രുവരി ഏഴിന്. വിമാനക്കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുള്ള 1,700 ഓളം എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ടെക്നീഷ്യന്മാരാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് എയര്‍ ഇന്ത്യയുടെ സര്‍വീസിനെ സാരമായി ബാധിച്ചേക്കും.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എഞ്ചിനീയറിങ് സര്‍വീസ് ലിമിറ്റഡ് (എയ്സല്‍) എന്ന കമ്പനിയിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. ഉടമസ്ഥാവകാശം ടാറ്റക്ക് കൈമാറിയ ശേഷവും ഇവരാണ് എയര്‍ ഇന്ത്യയുടെ സര്‍വീസ് ജോലികള്‍ ചെയ്യുന്നത്. വിമാനങ്ങളില്‍ ഇന്ധനം നിറക്കല്‍, പറക്കലിന് തയാറാക്കല്‍, മാര്‍ഷലിങ്, അറ്റകുറ്റപ്പണി തുടങ്ങിയ ജോലികളാണ് എയ്സലലിലെ കരാര്‍ ജീവനക്കാരായ ഇവര്‍ ചെയ്യുന്നത്. എയര്‍ ഇന്ത്യക്കു വേണ്ടി ഈ ജോലികള്‍ ചെയ്യുന്നവരില്‍ 60 ശതമാനവും എയ്സല്‍ ജീവനക്കാരാണ്.
ശമ്പളം പരിഷ്കരിക്കുക, തൊഴില്‍ കരാര്‍ പുതുക്കുക, ഡിയര്‍നസ് അലവന്‍സ് ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യമാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. 'തുല്യ ജോലിക്ക് തുല്യ വേതനം എന്ന അടിസ്ഥാനത്തിലുള്ള ശമ്പളമാണ് ഞങ്ങളുടെ ആവശ്യം. ഞങ്ങള്‍ ചെയ്യുന്നേ ജാലികളും ഞങ്ങളുടെ യോഗ്യതകളും എയര്‍ ഇന്ത്യയിലെ സര്‍വീസ് എഞ്ചിനീയര്‍മാരുടേതിന് തുല്യമാണ്. അവര്‍ക്ക് ലഭിക്കുന്ന ശമ്പളം ഞങ്ങള്‍ക്കും ലഭിക്കണം.' - പണിമുടക്കില്‍ പങ്കെടുക്കുന്ന ഒരു ജീവനക്കാരനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 'ഞങ്ങളുടെ ശമ്പളം 25,000 രൂപയാണ്. ജനുവരിയിലെ ശമ്പളമായി പലര്‍ക്കും ലഭിച്ചത് 21,444 രൂപ മാത്രമാണ്.' ജീവനക്കാരന് പറയുന്നു.
എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ തങ്ങളുടെ ആവശ്യങ്ങള്‍ വ്യക്തമാക്കി ജീവനക്കാര്‍ എയ്സലിന് കത്തുനല്‍കിയിരുന്നു. അസിസ്റ്റന്റ് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്ന് ഇത് മാറ്റിവെച്ചു. എന്നാല്‍, പിന്നീട് മാനേജ്മെന്റുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതായും ഉറപ്പുകള്‍ ലഭിച്ചില്ലെങ്കില്‍ പണിമുടക്കുമായി മുന്നോട്ടു പോകുമെന്നും ജീവനക്കാര്‍ വ്യക്തമാക്കി. ജനുവരി 26-നാണ് വന്‍ സാമ്പത്തിക നഷ്ടത്തിലുള്ള എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തത്. 18,000 കോടി രൂപയ്ക്കായിരുന്നു കൈമാറ്റം. വിമാനക്കമ്പനിയെ പുനരുദ്ധരിക്കുന്നതിനായി അടുത്ത അഞ്ചുവര്‍ഷത്തില്‍ ടാറ്റ 37,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വിമാനക്കമ്പനിയോടൊപ്പം 12,085 ജീവനക്കാരെ കൂടിയാണ് സര്‍ക്കാര്‍ ടാറ്റയ്ക്ക് കൈമാറിയത്. ജീവനക്കാരെ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും നിലനിര്‍ത്തണമെന്ന് കൈമാറ്റ വ്യവസ്ഥയിലുണ്ട്. ഇവരുടെ ഗ്രാറ്റുവിറ്റി, പ്രൊവിഡണ്ട് ഫണ്ട് തുടങ്ങിയ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തന്നെയാണ് വഹിക്കുന്നത്. നിലവില്‍ 7,453 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ഇ.പി.എഫ് കവറേജുണ്ട്. ഒരു വര്‍ഷത്തിനു ശേഷം ജീവനക്കാരെ നിലനിര്‍ത്തുന്നില്ലെങ്കില്‍ ടാറ്റ ഗ്രൂപ്പ് ഇവരെ വോളണ്ടറി റിട്ടയര്‍മെന്റ് സ്കീം (വി.ആര്.എസ്) അനുവദിച്ച് പിരിച്ചുവിടുമെന്നാണ് സൂചന.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍