News

സ്വകാര്യ ഇക്വിറ്റി ഫണ്ടിനായി 1,250 കോടി രൂപ സമാഹരിച്ച് ടാറ്റ ക്യാപിറ്റല്‍

മുംബൈ: സ്വകാര്യ ഇക്വിറ്റി ഫണ്ടിനായി 1,250 കോടി രൂപ സമാഹരിച്ചതായി ടാറ്റ ക്യാപിറ്റല്‍ തിങ്കളാഴ്ച്ച പ്രഖ്യാപിച്ചു. ഇക്വിറ്റി ഫണ്ടിലെ പണം നഗരവത്കരണ, നിര്‍മ്മാണ മേഖലകളില്‍ ടാറ്റ ക്യാപിറ്റല്‍ നിക്ഷേപിക്കും. ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ട് കക (രണ്ടാം പതിപ്പ്) എന്ന പേരിലാണ് കമ്പനി പണം സമാഹരിച്ചത്. ഈ ഫണ്ടില്‍ നിലവിലെ നിക്ഷേപകരും പുതുനിക്ഷേപകരും ഒരുപോലെ പങ്കെടുക്കുന്നുണ്ടെന്ന് ടാറ്റ ക്യാപിറ്റല്‍ അറിയിച്ചു. ആഗോള, യൂറോപ്യന്‍ ഫണ്ടുകള്‍ക്ക് പുറമെ ജാപ്പനീസ് സ്ഥാപനങ്ങളും ഏഷ്യയിലെ മുന്‍നിര സാമ്പത്തിക സ്ഥാപനവും പങ്കാളികളാണെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

ആദ്യ പതിപ്പിന് സമാനമായിരിക്കും ഫണ്ടിന്റെ രണ്ടാം പതിപ്പും. തന്ത്രപ്രധാന സേവനങ്ങള്‍, നഗരവത്കരണം, നിര്‍മ്മാണം എന്നീ മേഖലകളില്‍ ഫണ്ട് നിക്ഷേപം നടത്തും. ഇപ്പോഴത്തെ സമ്പദ് സാഹചര്യങ്ങള്‍ സസൂക്ഷ്മം വിലയിരുത്തിയാണ് ഫണ്ടിന്റെ പ്രവര്‍ത്തനമെന്ന് ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ട് മാനേജിങ് പാര്‍ട്ണര്‍ അഖില്‍ അവാസ്തി പറഞ്ഞു. രാജ്യമെങ്ങും കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ച പശ്ചാത്തലവും ഇപ്പോഴത്തെ പോര്‍ട്ട്ഫോളിയോയുടെ ഗുണനിലവാരവും ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ട് രണ്ടാം പതിപ്പിന് മേലുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. രാജ്യത്തെ മുന്‍നിര കമ്പനികള്‍ തിരിച്ചറിഞ്ഞ് അവയില്‍ നിക്ഷേപം നടത്തുന്ന പതിവ് രണ്ടാം പതിപ്പിലും ഫണ്ട് തുടരുമെന്ന് അവാസ്തി അറിയിച്ചു.

നേരത്തെ, പുതിയ ഫണ്ടുകള്‍ക്കായുള്ള സമാഹരണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്നു. സമ്പദ് ഘടന പരുങ്ങലിലായതും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പുതിയ ഫണ്ടുകളുടെ സമാഹരണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. പോയവര്‍ഷം ജനുവരി - നവംബര്‍ കാലയളവില്‍ 31 ശതമാനത്തോളം ഇടിവാണ് പുതിയ ഫണ്ട് സമാഹരണങ്ങള്‍ക്ക് സംഭവിച്ചത്. കണക്കുകള്‍ പ്രകാരം 5.9 ബില്യണ്‍ ഡോളറാണ് ഇക്കാലയളവില്‍ സമാഹരിക്കാന്‍ വിവിധ ഫണ്ടുകള്‍ക്ക് കഴിഞ്ഞതും.

Author

Related Articles