News

ടാറ്റ മോട്ടോഴ്‌സിന്റെ മൊത്ത വില്‍പ്പന മൂന്ന് മടങ്ങ് ഉയര്‍ന്ന് 76,210 യൂണിറ്റിലെത്തി

ന്യൂഡല്‍ഹി: 2021 മെയ് മാസത്തിലെ 26,661 യൂണിറ്റുകളെ അപേക്ഷിച്ച് ടാറ്റ മോട്ടോഴ്‌സിന്റെ മൊത്തം വില്‍പ്പന 2022 മെയ് മാസത്തില്‍ ഏകദേശം മൂന്ന് മടങ്ങ് ഉയര്‍ന്ന് 76,210 യൂണിറ്റിലെത്തി. അതേസമയം കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 2021 മെയ് മാസത്തില്‍ 24,552 യൂണിറ്റുകളില്‍ നിന്ന് മൂന്ന് മടങ്ങ് വര്‍ധിച്ച് 74,755 യൂണിറ്റുകളായി ടാറ്റ മോട്ടോഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

ഡീലര്‍മാര്‍ക്കുള്ള മൊത്തം പാസഞ്ചര്‍ വാഹനങ്ങള്‍ 15,181 യൂണിറ്റുകളില്‍ നിന്ന് ഇരട്ടിയായി വര്‍ധിച്ച് 43,341 യൂണിറ്റുകളായി. അതുപോലെ, ആഭ്യന്തര വാണിജ്യ വാഹന വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 9,371 യൂണിറ്റില്‍ നിന്ന് ഈ വര്‍ഷം 31,414 യൂണിറ്റായി ഉയര്‍ന്നു. നെക്‌സണ്‍, ഹരിയര്‍, സഫാരി എന്നിവയുടെ ശക്തമായ വില്‍പ്പനയാണ് വളര്‍ച്ചയെ നയിച്ചത്.

പിവിക്കൊപ്പം ഇവിയും ആഭ്യന്തരമായി വില്‍പ്പന ആരംഭിച്ചതിന് ശേഷമുള്ള കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണിത്. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 476 യൂണിറ്റുകളാണ് വിറ്റഴിച്ചത്. എന്നാല്‍ 2022 മെയില്‍ 3,454 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഇത് എക്കാലത്തെയും ഉയര്‍ന്ന ഇലക്ട്രിക് വാഹന വിതരണമാണെന്ന് കമ്പനി അറിയിച്ചു.

Author

Related Articles