News

ചെലവ് ചുരുക്കാന്‍ പദ്ധതിയിട്ട് ടാറ്റ മോട്ടോഴ്സ്; ജീവനക്കാര്‍ക്ക് വിആര്‍എസ് പ്രഖ്യാപിച്ചു

മുംബൈ: ചെലവ് ചുരുക്കാന്‍ ടാറ്റ മോട്ടോഴ്സിന്റെ തീരുമാനം. പകുതി ജീവനക്കാര്‍ക്ക് വിആര്‍എസ് പ്രഖ്യാപിച്ചു. നാല് വര്‍ഷത്തിനിടെ മൂന്നാംതവണയാണ് ടാറ്റ മോട്ടോഴ്സ് വിആര്‍എസ് പ്രഖ്യാപിക്കുന്നത്. വരുമാനം അടിസ്ഥാനമാക്കിയാല്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാണ കമ്പനിയാണ് ടാറ്റ മോട്ടോഴ്സ്. ജീവനക്കാര്‍ക്ക് നേരത്തെ പിരിഞ്ഞുപോകാന്‍ അവസരം നല്‍കുന്നത് വഴി ദീര്‍ഘകാല ബാധ്യതകള്‍ ഇല്ലാതാക്കാമെന്ന് കമ്പനി കണക്കുകൂട്ടുന്നു. 43000ത്തോളം ജീവനക്കാരുള്ള കമ്പനിയിലെ പകുതി പേര്‍ക്കും ഇത്തവണ വിആര്‍എസ്സിന് അവസരം നല്‍കിയിരിക്കുകയാണ്.

വെള്ളിയാഴ്ച മുതലാണ് വിആര്‍എസിന് അവസരം ഒരുക്കിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തിലധികമായി കമ്പനിയില്‍ ജോലി ചെയ്യുന്നര്‍ക്ക് വിഎആര്‍എസ് എടുക്കാം. ജീവനക്കാരുടെ പ്രായവും കമ്പനിയിലെ സേവന കാലവും അടിസ്ഥാനമാക്കിയാകും നഷ്ടപരിഹാരം കണക്കാക്കുക. എത്ര പേര്‍ ഈ അവസരം ഉപയോഗിക്കുമെന്ന് വരുംദിവസങ്ങളില്‍ അറിയാന്‍ സാധിക്കും. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ വേണ്ടിയാണ് വിആര്‍എസ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്സ് വക്താവ് പറഞ്ഞു. ജനുവരി 9 വരെ അപേക്ഷ സമര്‍പ്പിക്കാം.

2019 നവംബറില്‍ ടാറ്റ മോട്ടോഴ്സ് വിആര്‍എസ് പ്രഖ്യാപിച്ചിരുന്നു. 1600ലധികം ജീവനക്കാര്‍ക്കാണ് അന്ന് അവസരമുണ്ടായിരുന്നത്. അമിതമായ ചെലവ് കുറയ്ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 2017ലും വിആര്‍എസ് പ്രഖ്യാപിച്ചിരുന്നു ടാറ്റ മോട്ടോഴ്സ്. എന്നാല്‍ മിക്ക ജീവനക്കാരും വിആര്‍എസിന് താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. 2019 മുതല്‍ ഓട്ടോ വ്യവസായ മേഖല കനത്ത പ്രതിസന്ധി നേരിടുന്നു എന്നാണ് കണക്കാക്കുന്നത്. ഹീറോ മോട്ടോ കോര്‍പ് ലിമിറ്റഡ്, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, അശോക് ലേലാന്റ് ലിമിറ്റര്‍ എന്നിവരും നേരത്തെ വിആര്‍എസ് പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം സെപ്തംബര്‍ 30ന് അവസാനിച്ച പാദവാര്‍ഷികത്തില്‍ 315 കോടി രൂപയുടെ നഷ്ടമാണുള്ളതെന്ന് ടാറ്റ മോട്ടോഴ്സ് പറയുന്നു. കൊറോണ കാരണം വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതാണ് വെല്ലുവിളിയായത്.

Author

Related Articles