News

എയര്‍ ഇന്ത്യയെ സ്വന്തമാക്കാനുള്ള നീക്കത്തില്‍ ടാറ്റയും; വിമാന കമ്പനി സ്ഥാപിച്ചവര്‍ തന്നെ തിരിച്ചുപിടിക്കാനൊരുങ്ങുന്നു; കഥ ഇങ്ങനെ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉപ്പ് മുതല്‍ സോഫ്റ്റ്‌വെയര്‍ വരെ എല്ലാ മേഖലകളിലും വ്യക്തമായ സ്വാധീനമായിരുന്നു ടാറ്റയ്ക്കുണ്ടായിരുന്നത്. എയര്‍ ഇന്ത്യ എന്ന ഇന്ത്യയുടെ സ്വന്തം വിമാന കമ്പനി സ്ഥാപിച്ചതും ടാറ്റ തന്നെ. പിന്നീട് ദേശസാത്കരിക്കപ്പെട്ടതാണ് എയര്‍ ഇന്ത്യ. എന്തായാലും എയര്‍ ഇന്ത്യ വീണ്ടും സ്വന്തമാക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ ടാറ്റയും. നഷ്ടത്തിലായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതാണ്. കൊവിഡ് മൂലം അതിങ്ങനെ നീണ്ടുപോവുകയായിരുന്നു.

എയര്‍ ഇന്ത്യ വാങ്ങാന്‍ ടാറ്റ ഗ്രൂപ്പും താത്പര്യം പ്രകടിപ്പിക്കുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്തായാലും ഇക്കാര്യത്തില്‍ ഇപ്പോള്‍ സ്ഥിരീകരണമുണ്ടായിരിക്കുകയാണ്. ഏറ്റെടുത്താല്‍ പിന്നീട് എയര്‍ ഇന്ത്യ എന്ന പേരുണ്ടാകുമോ എന്ന കാര്യത്തില്‍ ചെറിയ ആശയക്കുഴപ്പവും ഇപ്പോഴുണ്ട്.

ടാറ്റ ഗ്രൂപ്പിന്റേയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരഭമായ വിസ്താര വഴി ബിഡില്‍ പങ്കെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായുള്ള ഉപാധി നീക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിസ്താര വഴി തന്നെ ലേലത്തില്‍ പങ്കെടുക്കാനാണ് ടാറ്റ ഗ്രൂപ്പ് ആഗ്രഹിക്കുന്നത്. ഇനി സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായുള്ള ചര്‍ച്ചകള്‍ സഫലമായില്ലെങ്കില്‍, തനിച്ച് ശ്രമിക്കാനും തയ്യാറാണെന്ന് ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ടാറ്റ ഗ്രൂപ്പ് രണ്ട് വിമാന സര്‍വ്വീസുകളുടെ ഭാഗമാണ്. വിസ്താരയും എയര്‍ ഏഷ്യ ഇന്ത്യയും. എയര്‍ ഇന്ത്യ ഏറ്റെടുക്കല്‍ വിജയകരമായാല്‍ എല്ലാ എയര്‍ലൈന്‍ ബിസിനസ്സുകളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ടാറ്റ ഗ്രൂപ്പും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്നുള്ള വിസ്താര വഴിയാണ് ഏറ്റെടുക്കുന്നത് എങ്കില്‍, എയര്‍ ഇന്ത്യ എന്ന പേര് തന്നെ വിസ്മൃതിയില്‍ ആകുമോ എന്ന ആശങ്കയും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. വിസ്താര നിലവില്‍ ഒരു ഫുള്‍ സര്‍വ്വീസ് എയര്‍ലൈന്‍ ആണ്. എയര്‍ ഇന്ത്യ ഏറ്റെടുക്കുമ്പോള്‍ വിസ്താരയ്ക്ക് കീഴില്‍ ലയിക്കുകയാണോ ഉണ്ടാവുക എന്നാണ് സംശയം.

ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനും താത്പര്യമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റെടുക്കലിന് ശേഷം ഉണ്ടാകാവുന്ന ഉദ്യോഗസ്ഥതല പ്രശ്നങ്ങളിലും സര്‍ക്കാര്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ടാറ്റ ഗ്രൂപ്പിന് എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ വലിയ താത്പര്യമുണ്ടെങ്കിലും, സിംഗപ്പൂര്‍ എയര്‍ലൈന്‍സിനും അവരുടെ പ്രധാന ഓഹരി പങ്കാളികളായ ടെമാസേക്കിനും വലിയ താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ചര്‍ച്ചകളുടെ അവസാനം എന്ത് സംഭവിക്കുമെന്നാണ് മേഖലയിലുള്ളവര്‍ കാത്തിരിക്കുന്നത്.

എയര്‍ ഇന്ത്യയുടെ സ്ഥാപകന്‍ ജെആര്‍ഡി ടാറ്റ ആയിരുന്നു. അതും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും മുമ്പ്. ഇപ്പോള്‍ എയര്‍ ഇന്ത്യ സ്വന്തമാക്കാന്‍ ടാറ്റ സണ്‍സ് ആഗ്രഹിക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നും അത് തന്നെയാകും. 1953 ല്‍ ആയിരുന്നു എയര്‍ ഇന്ത്യയെ സര്‍ക്കാര്‍ ദേശസാത്കരിച്ചത്. 1977 വരെ ജെആര്‍ഡി ടാറ്റ എയര്‍ ഇന്ത്യയുടെ ചെയര്‍മാനായിരുന്നു.

Author

Related Articles