News

എയര്‍ ഇന്ത്യ ടാറ്റ സണ്‍സിന്; 18000 കോടി രൂപയുടെ ഇടപാട്

ന്യൂഡല്‍ഹി:  ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റ സണ്‍സിന്. എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള ലേലത്തില്‍ ഉയര്‍ന്ന തുക മുന്നോട്ടുവെച്ച ടാറ്റ സണ്‍സ് വിജയിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 18000 കോടി രൂപയ്ക്കാണ് എയര്‍ഇന്ത്യയെ ടാറ്റ സണ്‍സിന് കൈമാറുന്നത്. ഡിസംബറോടെ ഇടപാട് പൂര്‍ത്തിയാകുമെന്ന്് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള സമിതി എയര്‍ ഇന്ത്യയുടെ ടെന്‍ഡറിന് അംഗീകാരം നല്‍കിയിരുന്നു. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമാണ് ഇന്ന് നടന്നത്.

അറുപത്തിയേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിലേക്കു തിരിച്ചെത്തുന്നത്. 1932ല്‍ ടാറ്റ എയര്‍ലൈന്‍സ് എന്ന പേരിലാണ് വിമാന കമ്പനി സ്ഥാപിതമായത്. 1953ല്‍ ഇത് സര്‍ക്കാര്‍ ദേശസാത്കരിച്ചു. എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരിയും കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനം. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എയര്‍ ഇന്ത്യയ്ക്കുള്ള ഓഹരിയും എര്‍പോര്‍ട്ട് സര്‍വീസ് കമ്പനിയായ സാറ്റ്‌സിന്റെ അന്‍പതു ശതമാനം ഓഹരിയും കൈമാറും.

Author

Related Articles