News

സൈറസ് മിസ്ത്രിയുടെ പുനര്‍നിയമനം; സുപ്രിംകോടതിയില്‍ സ്‌റ്റേ ആവശ്യപ്പെട്ട് ടാറ്റാസണ്‍സ്

മുന്‍എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സൈറസ് മിസ്ത്രിക്ക് അനുകൂലമായ നാഷനല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ട് ടാറ്റാസണ്‍സ് സുപ്രിംകോടതിയില്‍. മിസ്ത്രിയുടെ നിയമനവും താത്കാലിക ചെയര്‍മാന്‍ നടരാജ ചന്ദ്രശേഖരനെ അയോഗ്യനാക്കിയ ഉത്തരവും സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഡിസംബര്‍ 18നാണ് സൈറസ് മിസ്ത്രിയെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയ ടാറ്റാസണ്‍സ് നടപടിയെ റദ്ദ് ചെയ്ത് കൊണ്ട് കോടതി വിധി പറഞ്ഞത്. എന്നാല്‍ സൈറസ് മിസ്ത്രിയുടെനിയമനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് കമ്പനി. 

മൂന്ന് വര്‍ഷം നീണ്ട ടാറ്റാഗ്രൂപ്പ് ഭരണസമിതിയിലെ നാടകീയ സംഭവങ്ങള്‍ക്കാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്. ദേശീയ കമ്പനി അപ്പലേറ്റ് ട്രിബ്യൂണലിന്റെ വിധി കമ്പനിയുടെ തലപ്പത്ത് നടന്ന തര്‍ക്കങ്ങള്‍ക്കും അനിശ്ചാവസ്ഥയ്ക്കുമൊക്കെ പരിഹാരമായിരിക്കുകയാണ്. നേരത്തെ എക്സിക്യൂട്ടീവ് ചെയര്‍മാനായിരുന്ന സൈറസ് മിസ്ത്രിയെ രത്തന്‍ ടാറ്റാ നേരിട്ട് ഇടപ്പെട്ടാണ് സ്ഥാനഭ്രഷ്ടനാക്കിയത്. പിന്നീട് അദേഹത്തിന്റെ വിശ്വസ്തനും ഇഷ്ടക്കാരനുമായ നടരാജന്‍ ചന്ദ്രശേഖരനെ ആ കസേരയില്‍ പിടിച്ചിരുത്തി.  എന്നാല്‍ പുതിയ വിധിയോടെ നടരാജന്‍ ചന്ദ്രശേഖരന്റെ കസേരയും തെറിച്ചു. കൂടാതെ ടാറ്റാഗ്രൂപ്പിന് മറ്റൊരു തിരിച്ചടികൂടി ഇന്നലത്തെ ദേശീയ ട്രിബ്യൂണല്‍ വിധിയിലുണ്ട്. ടാറ്റാഗ്രൂപ്പിനെ പബ്ലിക് ലിമിറ്റഡ് കമ്പനിയില്‍ നിന്ന് സ്വകാര്യ കമ്പനിയാക്കിയ നടപടിയും റദ്ദാക്കിയിട്ടുണ്ട്. ഉത്തരവ് നടപ്പാക്കാന്‍ നാലാഴ്ചയാണ് സമയം നല്‍കിയിരിക്കുന്നത്.

Author

Related Articles