News

എയര്‍ ഇന്ത്യ ടാറ്റ സണ്‍സിന്റെ കൈകളിലേക്ക്; ലേലത്തില്‍ ടെന്‍ഡറിന് അംഗീകാരം

ന്യൂഡല്‍ഹി:  ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റ സണ്‍സിന്റെ കൈകളിലേക്ക്. എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള ലേലത്തില്‍ ടാറ്റ സണ്‍സിന്റെ ടെന്‍ഡറിന് അംഗീകാരമായതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുട നേതൃത്വത്തിലുള്ള സമിതി എയര്‍ ഇന്ത്യയുടെ ടെന്‍ഡറിന് അംഗീകാരം നല്‍കിയതായാണ് സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാവും. ടെന്‍ഡര്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അറുപത്തിയേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിലേക്കു തിരിച്ചെത്തുന്നത്. 1932ല്‍ ടാറ്റ എയര്‍ലൈന്‍സ് എന്ന പേരിലാണ് വിമാന കമ്പനി സ്ഥാപിതമായത്. 1953ല്‍ ഇത് സര്‍ക്കാര്‍ ദേശസാത്കരിച്ചു. എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരിയും കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനം. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എയര്‍ ഇന്ത്യയ്ക്കുള്ള ഓഹരിയും എര്‍പോര്‍ട്ട് സര്‍വീസ് കമ്പനിയായ സാറ്റ്സിന്റെ അന്‍പതു ശതമാനം ഓഹരിയും കൈമാറും.

Author

Related Articles