News

ടാറ്റ സ്റ്റീൽ വില്‍പ്പനയില്‍ 11 ശതമാനം ഇടിവ് രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ടാറ്റ സ്റ്റീലിന്റെ സംയോജിത വില്‍പ്പനയില്‍ 11 ശതമാനം ഇടിവ് രേഖപ്പെടുത്തി. നടപ്പുവര്‍ഷം മാര്‍ച്ച് പാദത്തില്‍, മുന്‍ വര്‍ഷം സമാന പാദത്തേക്കാളും വില്‍പ്പന ഇടിഞ്ഞ് ഏഴ് ദശലക്ഷം ടണ്ണായി മാറി. കോവിഡ് 19 നെത്തുടർന്ന് ഉണ്ടായ അടച്ചുപൂട്ടലാണ് വില്‍പ്പന ഇടിയാനുള്ള പ്രധാന കാരണം.

നടപ്പുവര്‍ഷം ജനുവരി-മാര്‍ച്ച് കാലയളവില്‍ കമ്പനിയുടെ സംയോജിത ഉല്‍പ്പാദനത്തില്‍ വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. ഉല്‍പ്പാദനത്തില്‍ 1.5 ശതമാനം വളര്‍ച്ച നേടിയ കമ്പനി 2019 ജനുവരി-മാര്‍ച്ചിലെ 7.72 ദശലക്ഷം ടണ്ണില്‍ നിന്നും ഉയര്‍ന്ന് 7.84 ദശലക്ഷം ടണ്ണായി. എന്നാൽ ടാറ്റ സ്റ്റീല്‍ ലിമിറ്റഡിന്റെ ഇന്ത്യയിലെ വില്‍പ്പന മുന്‍വര്‍ഷത്തെ സമാന കാലയളവിലെ 4.72 ദശലക്ഷം ടണ്ണില്‍ നിന്നും നടപ്പുവര്‍ഷം 4.03 ദശലക്ഷം ടണ്ണായി കുറഞ്ഞു. ഉല്‍പ്പാദനം 4.48 ദശലക്ഷം ടണ്ണില്‍ നിന്നും 4.74 ദശലക്ഷം ടണ്ണായി ഉയര്‍ന്നിട്ടുണ്ടെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കമ്പനിയുടെ യൂറോപ്പിലെ വില്‍പ്പന മുന്‍ വര്‍ഷത്തെ 2.57 ദശലക്ഷം ടണ്ണില്‍ നിന്നും നടപ്പുവര്‍ഷം 2.37 ദശലക്ഷം ടണ്‍ ആയി കുറഞ്ഞു. ഉല്‍പ്പാദനത്തിലും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണ കിഴക്കനേഷ്യന്‍ മേഖലയിലെ വില്‍പ്പനയില്‍ കാര്യമായ വളര്‍ച്ചയോ താഴ്ചയോ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം സര്‍ക്കാരിന്റെ വിജ്ഞാപനം പ്രകാരം സ്റ്റീല്‍, മൈനിംഗ് എന്നിവ അവശ്യ സേവനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അടച്ചുപൂട്ടലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Author

Related Articles