News

അഭ്യൂഹങ്ങള്‍ക്ക് വിരാമം: ടെസ്ലയുമായി പങ്കാളിത്തമില്ലെന്ന് ഉറപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്

മുംബൈ: ടാറ്റ മോട്ടോഴ്‌സും ടെസ്ലയുമായി പങ്കാളിത്തമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ഇത്തരത്തിലുള്ള യാതൊരു നീക്കവുമില്ലെന്നും ടെസ്ലയുമായി ചര്‍ച്ചകളൊന്നും തന്നെ നടത്തിയിട്ടില്ലെന്നും ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. സംരംഭക ഇതിഹാസം ഇലോണ്‍ മസ്‌ക്കിന് കീഴിലുള്ള ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ല ഇന്ത്യന്‍ വിപണി പ്രവേശത്തിന്റെ ഭാഗമായി അടുത്തിടെയാണ് ഓഫീസ് തുറന്നത്.   

ഞങ്ങള്‍ ഒറ്റയ്ക്ക് തന്നെയാകും മുന്നോട്ട് പോകുന്നത്-ചന്ദ്രയെന്ന് ബിസിനസ് വൃത്തങ്ങളില്‍ അറിയപ്പെടുന്ന ചന്ദ്രശേഖരന്‍ പറഞ്ഞു. ടാറ്റ മോട്ടോഴ്‌സിനും കമ്പനിയുടെ ബ്രിട്ടീഷ് സബ്‌സിഡിയറിയായ ജാഗ്വാര്‍ ലാന്‍ഡ് റോവറിനും ഇലക്ട്രിക് കാര്‍ വിപണിയില്‍ വമ്പന്‍ പദ്ധതികളാണുള്ളത്. ടാറ്റ മോട്ടോഴ്‌സിനും ജെഎല്‍ആറിനും കീഴിലുള്ള വാഹനങ്ങള്‍ അതിഗംഭീര പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നതെന്നും അതിനാല്‍ തന്നെ പുറമെ നിന്നുള്ള ഒരു പങ്കാളിയുടെ ആവശ്യം ഇപ്പോഴില്ലെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ടെസ്ല ടാറ്റയോടൊപ്പം ചേരുമെന്ന് വലിയ വാര്‍ത്തകളുണ്ടായിരുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരിവിലയെ വരെ അത് ബാധിച്ചു. അതേസമയം ടാറ്റ മോട്ടോഴ്‌സിന്റെ കാര്‍ ബിസിനസ് മികച്ച പ്രകടനമാണ് അടുത്തിടെയായി നടത്തിവരുന്നത്.   

ടെസ്ല മോട്ടോഴ്‌സ് ഇന്ത്യ ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ഇലോണ്‍ മസ്‌ക്ക് ഇന്ത്യയില്‍ കമ്പനി റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബംഗളൂരുവിലാണ് റെജിസ്റ്റേര്‍ഡ് ഓഫീസ്. ഇന്ത്യയില്‍ ഉല്‍പ്പാദനം ശക്തമാക്കിയാല്‍ ടെസ്ലയ്ക്ക് ചൈനയില്‍ ലഭിക്കുന്നതിനേക്കാള്‍ ഇളവുകള്‍ നല്‍കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Author

Related Articles