News

ടിസിഎസിന്റെ വരുമാനവും ലാഭവും മന്ദഗതിയിലാകുമെന്ന് എസ് ആന്റ് പി

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) അടുത്ത 12 മുതല്‍ 18 മാസങ്ങളില്‍ വരുമാനത്തിലും ലാഭത്തിലും മന്ദഗതിയിലുള്ള വളര്‍ച്ച നേരിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംങാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആഗോള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) മേഖലയിലെ ചെലവാക്കല്‍ കുറയുന്നതാണ് ഈ ഇടിവിന് കാരണമാവുക. എന്നാല്‍ കമ്പനിയുടെ കരുത്തുറ്റതും വിവേകപൂര്‍ണവുമായ സാമ്പത്തിക നയങ്ങള്‍ അതിന്റെ സാമ്പത്തിക സ്ഥിതിയെ പിന്തുണയ്ക്കുന്നത് തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് -19 പശ്ചാത്തലത്തില്‍ ആഗോള ജിഡിപിയില്‍ 3.8 ശതമാനം ഇടിവുണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് അനുസൃതമായി 2020-ല്‍ ആഗോള ഐടി ചെലവ് നാല് ശതമാനം കുറയുമെന്ന് എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ് കണക്കാക്കുന്നു. 2020 ല്‍ ആഗോള ഐടി ചെലവില്‍ 300 ബില്യണ്‍ ഡോളര്‍ കുറയുമെന്ന് ഗവേഷണ-ഉപദേശക സ്ഥാപനമായ ഗാര്‍ട്ട്‌നറും നേരത്തെ പ്രവചിച്ചിരുന്നു. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് നിലവിലെ സാഹചര്യത്തില്‍ ആഭ്യന്തര ഐടി ചെലവ് കുറയുന്നതെന്നും ഗാര്‍ട്ട്‌നറിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

2020 സാമ്പത്തിക വര്‍ഷത്തിലെ 5.3 ശതമാനം വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍, 2021 മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ടിസിഎസിന്റെ വരുമാനം 0-1 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംങിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന മത്സരാധിഷ്ഠിത വിപണിയില്‍ ക്ലയന്റുകളുടെ സ്‌പെന്‍ഡിംഗ് എബിലിറ്റി കുറവായതിനാല്‍ പുതിയ കരാറുകളിലും പുതുക്കലുകളിലും വിലനിര്‍ണ്ണയ സമ്മര്‍ദ്ദം ഉണ്ടാകാന്‍ സാധ്യതയുള്ളതായും എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംങ് സൂചന നല്‍കുന്നു. അതേസമയം, ടിസിഎസിന്റെ ഓണ്‍സൈറ്റ് റിസോഴ്‌സുകളില്‍ നിക്ഷേപം തുടരുമെന്നും ഇത് 2021 ലും 2022 ലും കമ്പനിയുടെ മാര്‍ജിന്‍ പരിധി 25 മുതല്‍ 27 ശതമാനമായി നിലനിര്‍ത്തുമെന്നും, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഇത് 27 മുതല്‍ 28 ശതമാനമായിരുന്നെന്നും എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംങ് വ്യക്തമാക്കുന്നു.

Author

Related Articles