News

ആഗോളതലത്തില്‍ ഏറ്റവും മൂല്യവത്തായ ഐടി കമ്പനിയായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്; നേട്ടം ആക്‌സെഞ്ചറിനെ മറികടന്ന്

ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്‌റ്റ്വെയര്‍ കയറ്റുമതി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ആഗോളതലത്തില്‍ ഏറ്റവും മൂല്യവത്തായ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) കമ്പനിയായി മാറി. വിപണി മൂലധനത്തിന്റെ കാര്യത്തില്‍ എതിരാളിയായ ആക്‌സെഞ്ചറിനെ മറികടന്നാണ് ടിസിഎസ് നേട്ടം കൈവരിച്ചിരിക്കുന്നത്. ടിസിഎസ് ഓഹരികള്‍ വ്യാഴാഴ്ച 3.19 ശതമാനം ഉയര്‍ന്ന് 2,825 രൂപയിലെത്തി. ഇതോടെ വിപണി മൂലധനം 144.73 ബില്യണ്‍ ഡോളറിലെത്തി.

നിലവില്‍ ആക്‌സെഞ്ചറിന്റെ മൂല്യം നാസ്ഡാക്കില്‍ 143.4 ബില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ 10.52 ട്രില്യണ്‍ രൂപയാണ്. ഐബിഎമ്മിന്റെ വിപണി മൂലധനം നിലവില്‍ 118.2 ബില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ 8.67 ട്രില്യണ്‍ രൂപയാണ്. സെപ്റ്റംബര്‍ അവസാനിച്ച രണ്ടാം പാദത്തില്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ച്ച വച്ചതിനെ തുടര്‍ന്നാണ് ടിസിഎസിന്റെ ഓഹരികള്‍ വ്യാഴാഴ്ച ഉയര്‍ന്നത്. 16,000 കോടി രൂപയുടെ ഓഹരി തിരിച്ചു വാങ്ങലും കമ്പനി പ്രഖ്യാപിച്ചിരുന്നു. ടിസിഎസ് ഒരു ഓഹരിക്ക് 12 രൂപ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചു.

പകര്‍ച്ചവ്യാധി കാരണമുള്ള ബിസിനസ്സ് മാറ്റങ്ങള്‍ക്ക് അനുസൃതമായി ആഗോള ക്ലയന്റുകള്‍ ക്ലൗഡ്, ഡിജിറ്റല്‍ പ്രോജക്ടുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്നതിലൂടെ കമ്പനി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3 ശതമാനം വളര്‍ച്ച കൈവരിച്ച് വരുമാനം 40,135 കോടി രൂപയായി ഉയര്‍ത്തി. കഴിഞ്ഞ പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടിസിഎസിന്റെ മെച്ചപ്പെട്ട പ്രകടനത്തിലെ പ്രധാന ആകര്‍ഷണം ബിഎഫ്എസ്ഐ, റീട്ടെയില്‍, സിപിജി, ലൈഫ് സയന്‍സസ് തുടങ്ങിയ പ്രധാന മേഖലകളിലെ വളര്‍ച്ച കുത്തനെ കുതിച്ചുയര്‍ന്നതാണ്.

യൂറോപ്പ് ഉള്‍പ്പെടെയുള്ള ആഗോള വിപണികളില്‍ കമ്പനി വിപണി വിഹിതം വര്‍ദ്ധിപ്പിക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസിലെ വിശകലന വിദഗ്ധരായ സുധീര്‍ ഗുണ്ടപ്പള്ളി, ഹാര്‍ദിക് സംഗാനി എന്നിവരുടെ കുറിപ്പില്‍ പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ് (ടിസിഎസ്) ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചു. പുതിയ ശമ്പളം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചു. കമ്പനി റിപ്പോര്‍ട്ട് അനുസരിച്ച് 2020 സെപ്റ്റംബര്‍ 30 ലെ കണക്കനുസരിച്ച് ടിസിഎസിലെ ജീവനക്കാരുടെ ആകെ എണ്ണം 453,540 ആണ്.

Author

Related Articles