News

സൂമിനും ഗൂഗിള്‍ മീറ്റിനും പകരം ഇനി വികണ്‍സോള്‍; വരുന്നു മലയാള ബദല്‍

പ്രമുഖ വിഡിയോ കോണ്‍ഫറന്‍സ് ആപ്പുകളായ സൂമിനും ഗൂഗിള്‍ മീറ്റിനും പുതിയ മലയാളി വെല്ലുവിളി. ഇന്ത്യയുടെ ഔദ്യോഗിക ആപ്പായി കേരളം സമ്മാനിച്ച വികണ്‍സോള്‍ അടുത്ത മാസം വിപണിയിലെത്തും. നടപ്പു സാമ്പത്തിക വര്‍ഷം പത്തുലക്ഷം ഉപയോക്താക്കളെയാണ് ആപ്പ് ലക്ഷ്യമിടുന്നത്. കൊവിഡ് കാലത്ത് വിഡിയോ കോണ്‍ഫറന്‍സ് (വിസി) സംവിധാനം ഏറ്റവുമധികം ആവശ്യമുള്ള മേഖലകളായ ഓണ്‍ലൈന്‍ അധ്യയനത്തിലും ടെലിമെഡിസിനിലുമായിരിക്കും വികണ്‍സോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആപ്പ് വികസിപ്പിച്ച ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക് ഐടി കമ്പനിയായ ടെലിജെന്‍ഷ്യ സോഫ്‌റ്റ്വെയര്‍ ടെക്‌നോളജീസ്(ടിഎസ്ടി) സിഇഒ ജോയ് സെബാസ്റ്റ്യന്‍ വ്യക്തമാക്കി.

വിദേശിയല്ലാത്ത വിസി ആപ് വേണമെന്ന ലക്ഷ്യത്തോടെ കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി വകുപ്പു നടത്തിയ ഗ്രാന്‍ഡ് ഇന്നോവേഷന്‍ ചാലഞ്ചിലാണ് രണ്ടായിരത്തോളം കമ്പനികളെ പിന്തള്ളി വികണ്‍സോള്‍ ചരിത്രം സൃഷ്ടിച്ചത്. ലോകമെങ്ങും പ്രചാരത്തിലുള്ള സൂം, ഗൂഗിള്‍ മീറ്റ് എന്നിവയെ കീഴടക്കാന്‍ പോന്ന സാങ്കേതികമേ?യുള്ള ആപ് ആയാണ് വിദഗ്ധര്‍ ചേര്‍ത്തലയ്ക്ക് സമീപം പള്ളിപ്പുറം എന്ന ഗ്രാമത്തിലെ ഇന്‍ഫോപാര്‍ക്കില്‍ ജ?മെടുത്ത വികണ്‍സോളിനെ വിലയിരുത്തുന്നത്.

ഒരേ സമയം 80 പേര്‍ക്ക് പങ്കെടുക്കാനും 300 പേര്‍ക്ക് വീക്ഷിക്കാനും കഴിയുന്ന വികണ്‍സോള്‍ തല്‍ക്കാലത്തേയ്ക്ക് ചെറിയ ഫീസോടെയായിരിക്കും വിപണിയിലെത്തുന്നതെന്ന് ജോയ് സെബാസ്റ്റ്യന്‍ പറഞ്ഞു. മലയാളമടക്കം എട്ടു പ്രധാന ഇന്ത്യന്‍ ഭാഷകളിലായിരിക്കും ഇത് ലഭിക്കുക. വികസിപ്പിക്കാനും വിപണനം ചെയ്യാനുള്ള ചെലവിനുവേണ്ടിയാണ് ഫീസ് ഈടാക്കുന്നത്. പക്ഷേ ആദ്യ ആഴ്ച സൗജന്യമായി ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരമുണ്ടാകും. തൃപ്തിപ്പെടുന്നുണ്ടെങ്കില്‍ മാത്രം വികണ്‍സോള്‍ അവര്‍ പിന്നീട് ഫീസ് നല്‍കി ഉപയോഗിച്ചാല്‍ മതി.

ലോകത്തന്റെ ഏത് കോണിലുമുള്ളവര്‍ക്കും വികണ്‍സോള്‍ ലഭ്യമാക്കാനുള്ള നിക്ഷേപവും വിഭവശേഷിയും കണ്ടെത്താനാണ് ടിഎസ്ടി ശ്രമിക്കുന്നതെന്ന് ജോയ് സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്നോവേഷന്‍ ചാലഞ്ചില്‍ ഒന്നാമതെത്തിയതിന് ഒരു കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ ഇനി വികണ്‍സോള്‍ ആയിരിക്കും ഔദ്യോഗിക വിസി ആപ്. ഇതിനാവശ്യമായ സാങ്കേതിക പിന്തുണ ടിഎസ്ടി നല്‍കും. ആപ് ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ ഓഫിസുകള്‍ക്ക് അത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. മൂന്നു വര്‍ഷത്തേയ്ക്കായിരിക്കും കേന്ദ്ര സര്‍ക്കാരുമായി കരാറിലേര്‍പ്പെടുന്നത്. ഓരോ വര്‍ഷവും മെയ്ന്റനന്‍സ് ഗ്രാന്റ് എന്ന നിലയില്‍ പത്തു ലക്ഷം രൂപ കേന്ദ്രം നല്‍കും. ആഗോളാടിസ്ഥാനത്തില്‍ വികണ്‍സോള്‍ വിപണനം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ ഐടി മേഖല ഊര്‍ജസ്വലമായി മുന്നേറുന്നുവെന്നതിനു തെളിവാണ് വികണ്‍സോള്‍ കൈവരിച്ച നേട്ടമെന്ന് കേരള ഐടി പാര്‍ക്ക്‌സ് സിഇഒ ശ്രീ ശശി പിഎം പറഞ്ഞു. ചെറുപട്ടണങ്ങളില്‍നിന്നുപോലും ലോകോത്തര ഉല്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ കേരളത്തിനു കഴിയും. വിവരസാങ്കേതികവിദ്യയെ ഇടത്തരം, ചെറുകിട പട്ടണങ്ങളിലേയ്ക്ക് എത്തിക്കാനുള്ള പരിശ്രമത്തിനു ഫലം കണ്ടുതുടങ്ങിയെന്നാണ് വികണ്‍സോളിന്റെ വിജയം തെളിയിക്കുന്നത്. കേരളത്തില്‍ ഐടി വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്ക് സ്ഥാപിക്കപ്പെട്ടതിന്റെ മുപ്പതാം വാര്‍ഷികത്തില്‍ ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. വന്‍നഗരങ്ങളില്‍ മാത്രമല്ല, കേരളത്തിലുടനീളം നൂതനമായ ഐടി അടിസ്ഥാനസൗകര്യം സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

Author

Related Articles