News

ഇന്ത്യയുടെ ജിഡിപിയില്‍ 35 ശതമാനത്തോളം ടെലികോം മേഖലയില്‍ നിന്ന്

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്തെ അഭൂതപൂര്‍വമായ ആവശ്യകത പരിഗണിച്ച് ടെലികോം കമ്പനികള്‍ തടസമില്ലാത്ത നെറ്റ് വര്‍ക്ക് സേവനം ഉറപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ലോക്ക്ഡൗണ്‍ കാലയളവിലെ കണക്കുകള്‍ വിലയിരുത്തിയാല്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) 30-35 ശതമാനത്തോളം ടെലികോം മേഖലയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സാധാരണ ഗതിയില്‍ ജിഡിപിയില്‍ ആറ് ശതമാനം നേരിട്ടുള്ള സംഭാവനയാണ് ഇന്ത്യയില്‍ ടെലികോം മേഖലയില്‍ നിന്നുള്ളത്.

ടെലികോം കമ്പനികള്‍ ലഭ്യമാക്കുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ക്കായുള്ള ആവശ്യകതയില്‍ വലിയ കുതിച്ചു കയറ്റമാണ് കോവിഡ് 19നെ തുടര്‍ന്നുള്ള സാമൂഹ്യ അകലത്തിന്റെയും ലോക്ക്ഡൗണിന്റെയും കാലയളവില്‍ ഉണ്ടായിട്ടുള്ളതെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഎഐഐ) യുമായി സഹകരിച്ച് ഗവേഷണ സ്ഥാപനമായ ടെക്ക്്ആര്‍ക്ക് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ദുഷ്‌കരമായ ഈ സന്ദര്‍ഭത്തില്‍ വ്യവസായത്തിന് വേണ്ട പിന്തുണ നല്‍കിയതിന് ടെലികോം നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരുകളെയും കമ്പനികള്‍ നന്ദി അറിയിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

'ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ സമയോചിതമായ ഇടപെടലും വിവിധ സംസ്ഥാന, പ്രാദേശിക അധികാരികളുമായുള്ള ഏകോപനവും മൂലം, പ്രവര്‍ത്തംനരഹിതമായ ബിടിഎസ് (ബേസ് ട്രാന്‍സീവര്‍ സ്റ്റേഷന്‍) സൈറ്റുകളുടെ എണ്ണം 800 ല്‍ നിന്ന് 70 ആക്കി കുറയ്ക്കാനായി. പ്രവര്‍ത്തന ശേഷി ഗണ്യമായി വര്‍ധിപ്പിച്ചു,' സിഎഎഐ ഡയറക്റ്റര്‍ ജനറല്‍ രാജന്‍ എസ് മാത്യൂസ് പറഞ്ഞു. ടെലി മെഡിസിന്‍, ഇ-എഡ്യൂക്കേഷന്‍, ഡ്രോണ്‍ നിരീക്ഷണം, ഇന്‍ഡസ്ട്രി 4.0 തുടങ്ങിയ ആപ്ലിക്കേഷനുകളുടെ ഉപഭോഗത്തില്‍ തുടര്‍ന്നും കുതിച്ചുചാട്ടം കാണും. 5 ജി, ഐഒടി തുടങ്ങിയ പുതിയ സാങ്കേതികവിദ്യകള്‍ സമീപഭാവിയില്‍ കൂടുതല്‍ പ്രാധാന്യം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാമാരിയുടെ സാഹചര്യത്തില്‍ ഉയര്‍ന്നുവന്ന പല ഉപഭോക്തൃ പ്രവണതകളും ആവശ്യകതകളും നിലനില്‍ക്കുമെന്നും ടെലികോം മേഖല അതിന് തയാറാകേണ്ടതുണ്ടെന്നും പ്രമുഖ വ്യവസായ വിദഗ്ധര്‍ പറഞ്ഞു. വ്യാവസായിക തലത്തിലും ഉപഭോക്തൃ ആവശ്യകതയിലും ടെലികോം മേഖലയ്ക്ക് കൂടുതല്‍ ആവശ്യകത ഉണ്ടാകുമെന്നും മികച്ച കാര്യക്ഷമതയില്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാങ്കേതിക വിദ്യ നവീകരിക്കേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

Author

Related Articles