News

ടെലഗ്രാം ആപ്പിന് 18.5 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി; നിക്ഷേപം തിരിച്ചുനല്‍കണം

ന്യൂയോര്‍ക്ക്: ജനപ്രിയ സന്ദേശ ആപ്പായ ടെലഗ്രാമിന് തിരിച്ചടിയായി അമേരിക്കന്‍ സെക്യൂരിറ്റി എക്‌സേഞ്ച് കമ്മീഷന്‍ തീരുമാനം. വെള്ളിയാഴ്ച എസ്ഇസി എടുത്ത തീരുമാനപ്രകാരം ടെലഗ്രാം 1.2 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ തങ്ങളുടെ നിക്ഷേപകര്‍ക്ക് ടെലഗ്രാം തിരിച്ചുനല്‍കാന്‍ സമ്മതിച്ചു. ഒപ്പം 18.5 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ സിവില്‍ പിഴയടക്കാനും ടെലഗ്രാം സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറില്‍ ടെലഗ്രാം നടത്തിയ 1.7 ബില്ല്യണ്‍ ഡോളര്‍ വരുന്ന ഡിജിറ്റല്‍ ടോക്കണ്‍ ഇടപാട് അമേരിക്കന്‍ സെക്യൂരിറ്റി എക്‌സേഞ്ച് കമ്മീഷന്‍ റദ്ദാക്കിയിരുന്നു. 2.9 ബില്ല്യണ്‍ ഡിജിറ്റല്‍ കോയിന്‍ ഓഫറിംഗിലൂടെ തങ്ങളുടെ മൂലധന സമാഹരണത്തിനാണ് ടെലഗ്രാം ലക്ഷ്യമിട്ടിരുന്നത്. എസ്ഇസി എത്തിച്ചേര്‍ന്ന ഇപ്പോഴത്തെ കരാറില്‍ ഇനി കോടതിയുടെ അംഗീകാരം കൂടി ആവശ്യമാണ്.

എന്നാല്‍ എസ്ഇസി അറിയിപ്പ് നിഷേധിക്കാനോ, അല്ലെങ്കില്‍ അതിനോട് പ്രതികരിക്കാനോ ടെലഗ്രാം ഇതുവരെ തയ്യാറായിട്ടില്ല. അതേ സമയം ക്രിപ്‌റ്റോ കറന്‍സി മേഖലയിലെ തുടക്കകുറിക്കാനുള്ള ടെലഗ്രാമിന്റെ ശ്രമത്തിനാണ് അമേരിക്കന്‍ ഏജന്‍സി ഇപ്പോള്‍ തുടക്കത്തിലെ ചെക്ക് വച്ചിരിക്കുന്നത്.

പുതിയ മാറ്റങ്ങള്‍ പുതിയ മേഖല എന്ന നിലയില്‍ ക്രിപ്‌റ്റോ കറന്‍സി മേഖലയില്‍ മൂലധന സാധ്യതകള്‍ മുതലാക്കുവാന്‍ എല്ലാവര്‍ക്കും അവസരമുണ്ട്. എന്നാല്‍ ഇത് നിലവിലുള്ള അമേരിക്കന്‍ ഫെഡറല്‍ സുരക്ഷ നിയമങ്ങളുടെ ലംഘനമാണെങ്കില്‍ ശക്തമായ നടപടികള്‍ ആവശ്യമായി വരും എസ്ഇസി നിരീക്ഷിച്ചു.

ടെലഗ്രാം ആരംഭിച്ച ഡിജിറ്റല്‍ കോയിന്‍ ഒരു ക്രിപ്‌റ്റോ കറന്‍സി മോഡല്‍ രീതിയായിരുന്നു. 7 ബില്ല്യണ്‍ യുഎസ് ഡോളറോളം മൂലധനമായി സമാഹരിക്കാനായിരുന്നു ഇതിലൂടെ പദ്ധതി ഇട്ടത്. ഇതിന് വേണ്ടി ഒരു ക്രിപ്‌റ്റോ കറന്‍സി പ്ലാറ്റ്‌ഫോം ആരംഭിക്കാന്‍ ഇരുന്നെങ്കിലും നിയമനടപടികളാല്‍ അത് പുറത്തിറക്കാന്‍ ടെലഗ്രാമിന് സാധിച്ചില്ല. അമേരിക്കന്‍ നിയമങ്ങള്‍ പാലിച്ചില്ലെന്നായിരുന്നു ആരോപണം. തുടര്‍ന്ന് നിക്ഷേപകരുടെ സാന്നിധ്യത്തില്‍ നടത്തിയ ഇടപെടലുകളിലാണ് എസ്ഇസി ഉന്നയിച്ച ക്രമവിരുദ്ധ കാര്യങ്ങള്‍ ഒത്തുതീര്‍പ്പായത്.

Author

Related Articles