News

മുട്ടുകുത്തി, മാപ്പ് പറഞ്ഞ് ടെസ്ല; നടപടി ചൈനീസ് മാധ്യമങ്ങളുടെ ആക്രമണത്തിന് പിന്നാലെ

ചൈനീസ് മാധ്യമങ്ങളുടെ കൂട്ടായ ആക്രമണത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് കാര്‍ നിര്‍മ്മാണ രംഗത്തെ ആഗോള ഭീമനായ അമേരിക്കന്‍ കമ്പനി ടെസ്ല. ചൈന ടെസ്ലയുടെ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ക്കറ്റുകളില്‍ ഒന്നാണ്. കസ്റ്റമര്‍മാരോടുളള മോശം ഇടപെടലിന്റെ പേരിലാണ് ടെസ്ലയ്ക്ക് എതിരെ ചൈനയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നത്.

ഷാംങ്ങായി ഓട്ടോ ഷോയില്‍ ടെസ്ലയ്ക്ക് എതിരെ പ്രതിഷേധം ഉയര്‍ത്തി ആളുകള്‍ രംഗത്ത് വന്നിരുന്നു ടെസ്ലയുടെ വാഹനങ്ങളുടെ ബ്രേക്കിന് തകരാറുണ്ട് എന്ന് ആരോപിക്കുന്ന ടീ ഷര്‍ട്ടുകള്‍ ധരിച്ചായിരുന്നു പ്രതിഷേധകര്‍ എത്തിയത്. തുടര്‍ന്ന് സുരക്ഷാ സേന ഇടപെട്ടാണ് പ്രധിഷേധകരെ സ്ഥലത്ത് നിന്ന് മാറ്റിയത്.

ഈ പ്രതിഷേധത്തില്‍ പങ്കെടുത്ത ടെസ്ലയുടെ കസ്റ്റമര്‍ ആയ ഒരു യുവതി ഫെബ്രുവരിയില്‍ വാഹനം അപകടത്തില്‍പ്പെട്ടു എന്നാരോപിച്ച് പണം തിരിച്ച് നല്‍കണം എന്ന് ആവശ്യപ്പെട്ടതായി കമ്പനി പറയുന്നു. കാറിന്റെ ബ്രേക്ക് തകരാറ് മൂലമാണ് അപകടം നടന്നത് എന്നാണ് യുവതി ആരോപിക്കുന്നത്. അപകടം നടന്നത് ബ്രേക്ക് തകരാര്‍ മൂലമാണോ അതോ അമിത വേഗത മൂലമാണോ എന്ന കാര്യം അന്വേഷിക്കാനുളള കമ്പനിയുടെ നീക്കത്തോട് യുവതി യോജിച്ചിരുന്നില്ല. ഇതോടെ കമ്പനി യുവതിക്കെതിരെ രംഗത്ത് വന്നു.

തങ്ങളുടെ കാറുകള്‍ക്ക് സംഭവിക്കുന്ന ഏതൊരു പ്രശ്നത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണ് എന്നും എന്നാല്‍ അടിസ്ഥാനരഹിതമായ പരാതികളോട് യോജിക്കാനാവില്ലെന്നും കമ്പനി പ്രതികരിച്ചു. ഇതോടെയാണ് ചൈനീസ് മീഡിയ ടെസ്ലയ്ക്ക് എതിരെ തിരിയുകയും മാപ്പ് ആവശ്യപ്പെടുകയും ചെയ്തത്. ടെസ്ലയ്ക്ക് ചൈനയിലുളള ജനപ്രീതിക്ക് കാരണം ജനങ്ങള്‍ക്കുളള വിശ്വാസമാണ് എന്നും അതിനുളള മറുപടി കമ്പനിയുടെ ധാര്‍ഷ്ട്യവും ചൈനീസ് മാര്‍ക്കറ്റിനോടും ഉപഭോക്താക്കളോടും ബഹുമാനമില്ലായ്മയും അല്ലെന്നും മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി.

ഇതോടെയാണ് ടെസ്ല മാപ്പുമായി രംഗത്ത് വന്നത്. കാര്‍ ഉടമയുമായുളള പ്രശ്നം സമയബന്ധിതമായി പരിക്കാനാകാതെ പോയതില്‍ ഖേദിക്കുന്നുവെന്ന് കമ്പനി പ്രസ്താവന പുറത്തിറക്കി. പ്രശ്ന പരിഹാരത്തിന് പ്രത്യേക സമിതിയേയും കമ്പനി നിയോഗിച്ചിരിക്കുകയാണ്.

News Desk
Author

Related Articles