News

സമ്പന്നര്‍ നികുതിയടക്കുന്നില്ലെന്ന ആക്ഷേപം: 11 ബില്യണ്‍ ഡോളര്‍ നികുതി നല്‍കുമെന്ന് ഇലോണ്‍ മസ്‌ക്

ഈ വര്‍ഷം 11 ബില്യണ്‍ ഡോളര്‍ നികുതി നല്‍കുമെന്ന് ശതകോടിശ്വരനായ ഇലോണ്‍ മസ്‌ക്. അതിസമ്പന്നര്‍ കൃത്യമായി നികുതിയടക്കുന്നില്ലെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് ഇലോണ്‍ മസ്‌കിന്റെ പ്രതികരണം. ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെയും എയ്റോസ്പേസ് നിര്‍മ്മാതാക്കളായ സ്പേസ് എക്സിന്റെയും സ്ഥാപകനായ ഇലോണ്‍ മസ്‌ക് ഈ വര്‍ഷാരംഭത്തില്‍ ലോകത്തിലെ ഏറ്റവും ധനികനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് കണക്ക് പ്രകാരം ഇലോണ്‍ മസ്‌കിന്റെ സമ്പത്ത് ഏകദേശം 243 ബില്യണ്‍ ഡോളറാണ്, അതേസമയം ടെസ്ലയ്ക്ക് ഏകദേശം ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യവും സ്പേസ് എക്സിന് 100 ബില്യണ്‍ ഡോളര്‍ മൂല്യവുമുണ്ട്.

ടൈം മാഗസിന്‍ ഇപ്രാവശ്യത്തെ പേര്‍സണ്‍ ഓഫ് ദ ഇയര്‍ ആയി ഇലോണ്‍ മസ്‌കിനെയാണ് തിരഞ്ഞെടുത്തത്. ശതകോടീശ്വരന്‍മാര്‍ ശമ്പള വരുമാനമായി വലിയ തുക കാണിക്കാതെ സമ്പത്ത് മുഴുവന്‍ ഓഹരികളായി കൈകാര്യം ചെയ്യുന്നതിനാല്‍ നികുതി അടക്കാതെ രക്ഷപ്പെടുകയാണെന്ന ആക്ഷേപം ശക്തമാണ്. ഈയവസരത്തില്‍ ഡെമോക്രാറ്റിക് സെനറ്റര്‍ എലിസബത്ത് വാറന്റെ ട്വീറ്റും ഏറെ ചര്‍ച്ചയായി. നികുതി വ്യവസ്ഥകളില്‍ മാറ്റം വരുത്തിയാലേ 'പേര്‍സണ്‍ ഓഫ് ദ ഇയര്‍' നികുതിയടച്ച് മറ്റുള്ളവരുടെ ചെലവില്‍ കഴിയുന്നത് നിര്‍ത്തുകയുള്ളൂ എന്നായിരുന്നു അവരുടെ ട്വീറ്റ്. ഇതിന് മറുപടിയായാണ് ചരിത്രത്തിലെ ഏതൊരു അമേരിക്കക്കാരനേക്കാളും കൂടുതല്‍ നികുതി ഈ വര്‍ഷം താന്‍ നല്‍കുമെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞത്.

അതിസമ്പന്നരുടെ നികുതി വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പദ്ധതിയുണ്ടെങ്കിലും ഇതുവരെ നിയമനിര്‍മ്മാണ പദ്ധതികള്‍ക്ക് പൂര്‍ണ്ണപിന്തുണ ലഭിച്ചിട്ടില്ല. എലിസബത്ത് വാറന്‍ ഉള്‍പ്പെടെയുള്ള ചില സെനറ്റര്‍മാര്‍, അമേരിക്കയിലെ ഏറ്റവും ധനികരായ പൗരന്മാരുടെ വരുമാനത്തിനും അവരുടെ കൈവശമുള്ള ഓഹരികള്‍ പോലെയുള്ള ആസ്തികളുടെ വര്‍ധിച്ചുവരുന്ന മൂല്യത്തിനും നികുതി ചുമത്താനുള്ള ആശയത്തെ പിന്തുണച്ചിട്ടുണ്ട്. നിലവില്‍ അമേരിക്കയിലെ സമ്പന്നരായ പല പൗരന്മാരും നേരിട്ട് നികുതി നല്‍കുന്നതില്‍ നിന്ന് ഒഴിയാനായി തങ്ങളുടെ സമ്പത്ത് ഷെയറുകളിലും മറ്റ് നിക്ഷേപങ്ങളിലും സൂക്ഷിക്കുകയാണ് ചെയുന്നതെന്ന ആക്ഷേപം ശക്തമാണ്.

News Desk
Author

Related Articles