News

സോവറിന്‍ ഗോള്‍ഡ് ബോണ്ട് നിക്ഷേപത്തിന് ഇത് പറ്റിയ അവസരം; മുന്‍ തവണത്തെ ഇഷ്യു വിലയേക്കാള്‍ 4 ശതമാനം കുറവ്

2020-21 ലെ സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീമിന്റെ ആറാമത്തെ ഭാഗം ഓഗസ്റ്റ് 31 മുതല്‍ സബ്‌സ്‌ക്രിപ്ഷനായി തുറന്നു. സെപ്റ്റംബര്‍ 4 വരെയായിരിക്കും വില്‍പ്പന. സ്വര്‍ണത്തില്‍ നിക്ഷേപം ആരംഭിക്കാന്‍ താത്പര്യമുള്ള നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ ഇഷ്യു ചെയ്യുന്നതിനാല്‍ ഇത് മികച്ച ഒരു അവസരമാണ്. എസ്ജിബികള്‍ ഒരു ഗ്രാമിന് 5,137 രൂപയാണ് വില. ഇത് മുന്‍ തവണത്തെ ഇഷ്യു വിലയേക്കാള്‍ 4% കുറവാണ്. ഡിജിറ്റല്‍ മോഡില്‍ പണമടയ്ക്കുന്ന നിക്ഷേപകര്‍ക്ക് ഇഷ്യു വിലയില്‍ 50 രൂപ അധികമായി ഇളവ് ലഭിക്കും.

എട്ടുവര്‍ഷത്തെ കാലാവധിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതികള്‍ക്കുള്ളത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി, അന്താരാഷ്ട്ര സ്വര്‍ണ്ണ വിലയിലുള്ള വലിയ വര്‍ദ്ധനവ് കുറഞ്ഞത് മൂന്ന് നാല് വര്‍ഷത്തേയ്ക്ക് നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്. നിലവിലെ സാഹചര്യത്തില്‍, വര്‍ദ്ധനവിന്റെ രണ്ടാം വര്‍ഷത്തില്‍ മാത്രമാണിതെന്ന് ഐസിഐസിഐ സെക്യൂരിറ്റീസിലെ അനലിസ്റ്റ് സച്ചിന്‍ ജെയിന്‍ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. സ്വര്‍ണ വില ഏതാനും വര്‍ഷങ്ങള്‍ കൂടി ഉയരുമെന്ന് അദ്ദേഹം പറയുന്നു.

ആഭ്യന്തര സ്വര്‍ണ്ണ വില 10 ഗ്രാമിന് 70,000 രൂപയായി ഉയരുമെന്ന് സച്ചിന്‍ ജെയിന്‍ പറയുന്നു. വെള്ളിയാഴ്ച 10 ഗ്രാമിന് 52,155 രൂപയായിരുന്നു സ്വര്‍ണ വില. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില 37 ശതമാനം ഉയര്‍ന്നു. ആഗോള നിക്ഷേപകര്‍ മഞ്ഞ ലോഹത്തെ സുരക്ഷിത താവളമായി കരുതുന്നതും ഡോളര്‍ നിരക്ക് കുറഞ്ഞു വരുന്നതും സ്വര്‍ണത്തിന് പിന്തുണ നല്‍കുന്നു. വികസിത രാജ്യങ്ങളിലെ സര്‍ക്കാരുകളും കേന്ദ്ര ബാങ്കുകളും തങ്ങളുടെ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി പ്രഖ്യാപിച്ച വന്‍ ഉത്തേജനം മൂലമാണ് ഡോളര്‍ നിരക്ക് കുറഞ്ഞത്. ഡോളറിന്റെ ഇടിവ് പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതോടെ നിക്ഷേപകര്‍ സ്വര്‍ണ്ണത്തിലേക്ക് കുതിക്കുകയാണ്.

Author

Related Articles