News

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചു വരവിന്റെ പാതയിലാണെന്ന് ശക്തികാന്ത ദാസ്

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചു വരവിന്റെ പാതയിലാണെന്ന് വ്യക്തമാക്കി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദം ഒന്നാമത്തേതിനേക്കാളും മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും. പണപ്പെരുപ്പം നാല് ശതമാനത്തിലാല്‍ നിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 9.5 ശതമാനം നിരക്കില്‍ സമ്പദ്‌വ്യവസ്ഥ വളരുമെന്നും അദ്ദേഹം പറഞ്ഞു.

പണപ്പെരുപ്പവും വളര്‍ച്ചനിരക്ക് മുന്‍നിര്‍ത്തി മാത്രമേ വായ്പ പലിശനിരക്കുകളില്‍ ഇനി മാറ്റം വരുത്തുവെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു. 9.5 ശതമാനം എന്ന സംഖ്യയില്‍ തന്നെ തുടരാമെന്നാണ് ഞാന്‍ കരുതുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദം കൂടുതല്‍ മെച്ചമായിരിക്കും. പക്ഷേ കഴിഞ്ഞ വര്‍ഷത്തിന്റെ ചില സ്വാധീനങ്ങള്‍ സമ്പദ്‌വ്യവസ്ഥയില്‍ തുടരും. എങ്കിലും സ്ഥിതി മെച്ചമാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് മൂന്നാം തരംഗം സംബന്ധിച്ച ആശങ്ക രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. അതിനെ കുറിച്ച് ജനങ്ങള്‍ നിരന്തരമായി സംസാരിക്കുകയും ചെയ്യുന്നു. ഇതിനെ കുറിച്ചുള്ള അനിശ്ചിതത്വം സമ്പദ്‌വ്യവസ്ഥയില്‍ നിലനില്‍ക്കുക തന്നെ ചെയ്യും. എങ്കിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് വ്യാപാരസ്ഥാപനങ്ങള്‍ കച്ചവടം നടത്തുന്നതെന്നത് ഗുണകരമാവുമെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു.

Author

Related Articles