News

ഇന്ത്യ 'കൈവിട്ട്' പോകാതിരിക്കാന്‍ 690 കോടി മുടക്കാനൊരുങ്ങി ടിക്ക് ടോക്ക്! നീക്കം പുത്തന്‍ ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കാന്‍; മൂന്നു വര്‍ഷത്തിനകം രാജ്യത്ത് 6900 കോടി നിക്ഷേപിക്കുമെന്നും 'ബൈറ്റ് ഡാന്‍സ്'

ഡല്‍ഹി: ചുരുങ്ങിയ കാലയളവിനുള്ളില്‍ രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ മനസില്‍ ഇടം നേടിയ ടിക്ക് ടോക്ക് രാജ്യത്ത് കോടികള്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ ടിക്ക് ടോക്കിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഇന്ത്യ. 100 മില്യണ്‍ ഡോളര്‍ (690 കോടി) രൂപ മുടക്കി ഇന്ത്യയില്‍ ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കാന്‍ തങ്ങള്‍ ഒരുങ്ങുകയാണെന്നാണ് 'ആപ്പ് ഭീമന്‍' ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. മാത്രമല്ല വരുന്ന മൂന്ന് വര്‍ഷത്തിനകം ഇന്ത്യയില്‍ 6900 കോടി നിക്ഷേപിക്കുമെന്നും ടിക്ക് ടോക്കിന്റെ മാതൃ സ്ഥാപനമായ ബൈറ്റ് ഡാന്‍സ് അറിയിച്ചു.

ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക്ക് ടോക്ക് ഹെലോ എന്നീ ആപ്പകളുടെ വിവരശേഖരണം എപ്രകാരമാണെന്ന് വ്യക്തമാക്കണമെന്ന് കാട്ടി കമ്പനിക്ക് കേന്ദ്ര സര്‍ക്കാര്‍ ചോദ്യാവലി അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ പുത്തന്‍ നീക്കം.  സ്വകാര്യ വിവര പരിരക്ഷണ ബില്ലിന് പകരമായി സര്‍ക്കാരിന്റെ വിശ്വാസം നേടിയെടുക്കുന്നതിനുള്ള നീക്കമാണിതെന്നാണ് നിഗമനം. ഈ  വര്‍ഷം തന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

'സ്വകാര്യ വിവര പരിരക്ഷണ നിയമം നടപ്പാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ബൈറ്റ്ഡാന്‍സ് അംഗീകരിച്ചതിന്റെ സാക്ഷ്യപത്രമെന്ന നിലയില്‍, ഇന്ത്യയില്‍ ഒരു ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നതില്‍ ഞങ്ങള്‍ സുപ്രധാനമായ ഒരു ചുവടുവെപ്പാണ് നടത്തുന്ന'തെന്നാണ് ബൈറ്റ് ഡാന്‍സ് വ്യക്തമാക്കിയത്.  രാജ്യത്തെ ടിക്ക് ടോക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംഭരിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ടിക് ടോക്കിന്റെയും ഹലോയുടെയും ഓപ്പറേറ്റര്‍മാരില്‍ നിന്ന് പ്രതികരണം തേടിയിരുന്നു.

മാത്രമല്ല 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കളെ അപകടകരമായ ഉള്ളടക്കത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികളെ പറ്റിയും കമ്പനിയോട് വിശദീകരണം തേടിയിരുന്നു. 200 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഇന്ത്യ, ടിക്ക് ടോക്കിന്റെ ഏറ്റവും വലിയ വിപണിയാണ്. എന്നാല്‍ അശ്ശീല ഉള്ളക്കം ഉണ്ടെന്നതടക്കം കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനിക്കെതിരെ നിരവധി വിവാദങ്ങള്‍ നേരിടുന്നു.

ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ ലോകത്തെമ്പാടുമായി 1.88 കോടി ആളുകള്‍ ടിക്ക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ അതില്‍ 47 ശതമാനം ഡൗണ്‍ലോഡ് ചെയ്തത് ഇന്ത്യയില്‍ നിന്നാണെന്നും ഇക്കാലയളവില്‍ തന്നെ 1.76 കോടി ആളുകള്‍ ഫേസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്തതില്‍ 21 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്നും മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ സെന്‍സര്‍ ടവര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

2018 അവസാനം വന്ന കണക്കുകള്‍ പ്രകാരം ഫേസ്ബുക്കായിരുന്ന ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത് ആപ്പ്. ഈ വേളയില്‍ ടിക്ക് ടോക്ക് സജീവമായിരുന്നെങ്കിലും ഡൗണ്‍ലോഡിന്റെ കാര്യത്തില്‍ മുന്‍പന്തിയിലേക്ക് എത്തിയിരുന്നില്ല. ഇതിന് പിന്നാലെ ആപ്പ് ലൈംഗികതയുടെ അംശമുള്ള വീഡിയോകള്‍ ധാരാളമായി പ്രചരിപ്പിക്കുന്നുവെന്ന പരാതി സമൂഹത്തില്‍ നിന്നും ഉയരുകയും ഇതിന് പിന്നാലെ മദ്രാസ് ഹൈക്കോടതി ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യാന്‍ ഉത്തരവ് നല്‍കുകയുമായിരുന്നു. 

Author

Related Articles