News

ടിക്‌ടോക്ക് ഉടമസ്ഥരായ ബൈറ്റ് ഡാന്‍സിൽ വന്‍ തൊഴിലവസരങ്ങള്‍; 10,000 പദവികളിലേക്ക് നിയമനം നടത്തുന്നു

ഹോംഗ്‌കോംഗ്: ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമിലുള്ള ടിക്‌ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സ് ആഗോള തലത്തില്‍ വന്‍ തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കുന്നു. 2020ല്‍ ആഗോളതലത്തില്‍ 40,000 പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പതിനായിരത്തോളം പദവികളിലേക്കാണ് നിയമനം നടത്താന്‍ ഒരുങ്ങിയിരിക്കുന്നത്. ലോകമാകെ പടരുന്ന കോവിഡ് 19 വ്യാപനത്തില്‍ മിക്ക കമ്പനികളും ജീവനക്കാരെ വെട്ടിച്ചുരുക്കുകയും വേതനം കുറച്ച് ചെലവ് ചുരുക്കാനും ശ്രമിക്കുന്നതിനിടെ ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് പുതിയ നിയമന വാര്‍ത്തകളുമായാണ് രംഗത്ത് വന്നിരിക്കുന്നത്.

ബൈറ്റ്ഡാന്‍സ് പ്രഖ്യാപിച്ച പതിനായിരം തൊഴിലവസരങ്ങളില്‍ മൂന്നിലൊന്നും സോഫ്റ്റ്‌വെയര്‍ കോഡിംഗ് ജോലികളാണെന്നാണ് കമ്പനി ജീവനക്കാര്‍ക്കു വേണ്ടിയുള്ള വെബ്‌സൈറ്റില്‍ സൂചിപ്പിച്ചിരിക്കുന്നത്. അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ ജീവനക്കാര്‍ക്ക് നിര്‍ദേശിക്കുകയും ചെയ്യാം. ആഗോളതലത്തില്‍ നിന്നും പുതിയ നിയമനങ്ങള്‍ നടത്താന്‍ ശ്രമിക്കുന്ന കമ്പനിക്ക് ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്, വാര്‍ത്താ പ്ലാറ്റ്‌ഫോമിലുള്ള തോഷിയാവോ എന്നിവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും, ഇ-കൊമേഴ്‌സ്, ഗെയിമിംഗ് തുടങ്ങിയ പുതിയ പ്ലാറ്റ്‌ഫോമിലേക്കുള്ള വാതില്‍ തുറക്കാനുമുള്ള അവസരവുമുണ്ടാകുന്നതായി വിലയിരുത്തപ്പെടുന്നു. ഈ വര്‍ഷം അവസാനത്തോടെ ജീവനക്കാരുടെ എണ്ണം ഒരു ലക്ഷമാക്കാനുള്ള ബൈറ്റ്ഡാന്‍സിന്റെ ലക്ഷ്യത്തിന്റഎ ഭാഗം കൂടിയാണ് പുതിയ നീക്കം. കഴിഞ്ഞ മാസം ബൈറ്റ്ഡാന്‍സ് സിഇഒ സാംഗ് യിമിംഗ് കമ്പനിയുടെ ലക്ഷ്യം സംബന്ധിച്ച് സൂചന നല്‍കിയിരുന്നു. ഇതു നടപ്പിലായാല്‍ ബൈറ്റ്ഡാന്‍സിലെ ജീവനക്കാരുടെ എണ്ണം ടെക് ഭീമന്‍ കമ്പനിയായ ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡിന് സമാനമാകും.

ചൈനയ്ക്കും യുഎസിനു പുറമെ പുതിയ വിപണികളിലേക്ക് തങ്ങളുടെ സാമൂഹ്യമാധ്യമങ്ങളുടെ ശക്തി വികസിപ്പിക്കാനും ബൈറ്റ്ഡാന്‍സ് പദ്ധതി തയാറാക്കി വരികയാണ്. സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഒയോ, സൂം പിസ ഇന്‍കോര്‍പ്പറേഷന്‍, ബ്രാന്‍ഡ്‌ലെസ് ഇന്‍ക് തുടങ്ങിയവര്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുമ്പോഴാണ് അതില്‍ നിന്നും തികച്ചും വ്യത്യസ്ത നയം ബൈറ്റ്ഡാന്‍സ് പിന്തുടരുന്നത്. നിയമനം സംബന്ധിച്ച നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ച കമ്പനി നൂറോളം ഒഴിവുകള്‍ ഗൂഗിളിന് ഏറെ സാന്നിധ്യമുള്ള മൗണ്ടന്‍ വ്യൂവിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബൈറ്റ്ഡാന്‍സിന്റെ മുഖ്യ എതിരാളികളായ ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് പോലെ കമ്പനിയുടെ സാമൂഹിക മാധ്യമ ചാനലുകള്‍ക്ക് കോവിഡ് കാലയളവില്‍ വന്‍ തോതില്‍ വളര്‍ച്ചയുണ്ടായി. നിലവില്‍ ചൈനയിലെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍, ജീവനക്കാര്‍ക്കു നല്‍കിയിരിക്കുന്ന റെഫറല്‍ വഴിയുള്ള തെരഞ്ഞെടുപ്പ് ഒരുപാടുപേര്‍ക്ക് പ്രയോജനപ്രദമാകുമെന്നതില്‍ സംശയമില്ല. ഇതുകൂടാതെ വിവിധ മേഖലകളായ ഗെയിമിംഗ്, ലൈവ് സ്ട്രീമിംഗ് കൊമേഴ്‌സ്, എന്റര്‍പ്രൈസ് സോഫ്റ്റ്‌വെയര്‍ എന്നീ രംഗത്തേക്ക് കടക്കാനും ആലോചനയുണ്ട്. കോഡിംഗ്, എന്‍ജിനിയറിംഗ്, റിസര്‍ച്ച് വിഭാഗത്തില്‍ മൂവായിരത്തോളം പദവികളില്‍ നിയമനം നടത്താനാണ് നീക്കം. ചൈനയ്ക്ക് പുറമെ, ലണ്ടന്‍, ലോസാഞ്ചലസ്, മൗണ്ടന്‍ വ്യൂ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നൂറോളം പദവികള്‍ വീതം സൃഷ്ടിച്ച് ജീവനക്കാരുടെ എണ്ണം കൂട്ടാനും ബൈറ്റ്ഡാന്‍സ് പദ്ധതിയിട്ടു കഴിഞ്ഞു. 175 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിക്ക് ടോഷിയാനോ മുതല്‍ മിനി വീഡിയോ പ്ലാറ്റ്‌ഫോമിലുള്ള ഡൗയിന്‍ വരെയുളഅള ആപ്പുകളില്‍ പ്രതിമാസം 1.5 ബില്യണ്‍ സജീവ ഉപഭോക്താക്കളുണ്ട്.

Author

Related Articles