News

ജനുവരി 1 മുതല്‍ വാഹനങ്ങള്‍ക്ക് ഫാസ്റ്റ് ടാഗുകള്‍ നിര്‍ബന്ധം; ചരിത്രത്തില്‍ ആദ്യമായി ഫാസ്റ്റ് ടാഗിലൂടെയുള്ള വരുമാനം ഒറ്റ ദിവസത്തില്‍ 80 കോടി പിന്നിട്ടു

ന്യൂഡല്‍ഹി: 2021 ജനുവരി 1 മുതല്‍ വാഹനങ്ങള്‍ക്ക് ഫാസ്റ്റ് ടാഗുകള്‍ നിര്‍ബന്ധമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ടോള്‍ പ്ലാസകളില്‍ ഇലക്ട്രോണിക് പേയ്മെന്റ് സുഗമമാക്കുന്നതിന് വേണ്ടി രാജ്യത്ത് 2016ലാണ് ഫാസ്റ്റ് ടാഗ് സംവിധാനം ആരംഭിച്ചത്. ടോള്‍ പ്ലാസകളിലൂടെ വാഹനങ്ങള്‍ തടസ്സമില്ലാതെ കടന്നുപോകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും ഫീസ് പേയ്‌മെന്റ് ഇലക്ട്രോണിക് രീതിയില്‍ നടക്കുമെന്നതും ഉറപ്പാക്കുന്നതിനും വേണ്ടിയാണ് രാജ്യത്ത് ജനുവരി ഒന്ന് മുതല്‍ ടാഗുകള്‍ നിര്‍ബന്ധമാക്കുന്നത്.

ജനുവരി ആദ്യം മുതല്‍ രാജ്യത്തെ എല്ലാ വാഹനങ്ങള്‍ക്കും ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത, എംഎസ്എംഇ മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചതായി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പ്രസ്താവനയിലാണ് വ്യക്തമാക്കിയത്. വ്യാഴാഴ്ച ഒരു പരിപാടിയെ അഭിസംബോധന ചെയ്ത അദ്ദേഹം, പണമടയ്ക്കലിനായി ടോള്‍ പ്ലാസയില്‍ നിര്‍ത്തേണ്ടതില്ല എന്നതിനാല്‍ യാത്രക്കാര്‍ക്ക് ഫാസ്റ്റ് ടാഗ് ഉപയോഗപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്നെ സമയവും ഇന്ധനവും ലാഭിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2016ല്‍ ആരംഭിച്ച ഫാസ്റ്റ് ടാഗ് സംവിധാനത്തില്‍ രാജ്യത്തെ നാല് ബാങ്കുകളും ചേര്‍ന്ന് ഒരു ലക്ഷത്തോളം ഫാസ്റ്റ് ടാഗുകളാണ് അനുവദിച്ചത്. എന്നാല്‍ 2017 ആയപ്പോഴേക്കും അവരുടെ എണ്ണം ഏഴ് ലക്ഷമായി ഉയരുകയും ചെയ്തു. 2018 ആകുമ്പോഴേക്ക് 34 ലക്ഷത്തിലധികം ഫാസ്റ്റ് ടാഗുകളാണ് രാജ്യത്ത് അനുവദിച്ചിട്ടുള്ളത്.

മന്ത്രാലയം 2021 ജനുവരി 1 മുതല്‍ പഴയ വാഹനങ്ങള്‍ക്ക് ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കുകയും 2017 ഡിസംബര്‍ 1 ന് മുമ്പ് വില്‍ക്കുകയും ചെയ്തു. സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സ് 1989 പ്രകാരം 2017 ഡിസംബര്‍ 1 മുതല്‍ ഫാസ്റ്റാഗ് പുതിയ നാലുചക്ര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിര്‍ബന്ധമാക്കിയെന്ന് കഴിഞ്ഞ നവംബറിലാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. ഒരു ട്രാന്‍സ്‌പോര്‍ട്ട് വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നത് ബന്ധപ്പെട്ട വാഹനത്തിന് ഒരു ഫാസ്റ്റ് ടാഗ് എടുത്തതിന് ശേഷം മാത്രമേ കഴിയൂ എന്നും സര്‍ക്കാര്‍ അനുശാസിച്ചിരുന്നു. നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങള്‍ക്ക്, 2019 ഒക്ടോബര്‍ 1 മുതല്‍ ഫാസ്റ്റ് ടാഗ് എടുക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

പുതിയ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് സാധുവായ ഒരു ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 2021 ഏപ്രില്‍ 1 മുതല്‍ തന്നെ ഇത് പ്രാബല്യത്തില്‍ വരും. ഒന്നിലധികം ചാനലുകള്‍ വഴി ഫാസ്റ്റ് ടാഗിന്റെ ലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മന്ത്രാലയം അറിയിച്ചു. ഇതിനിടയില്‍ ഇക്കഴിഞ്ഞ ദിവസം ചരിത്രത്തില്‍ ആദ്യമായി ഫാസ്റ്റ് ടാഗിലൂടെയുള്ള വരുമാനം ഒറ്റ ദിവസത്തില്‍ 80 കോടി പിന്നിട്ടു.

Author

Related Articles