News

സിപിഇസി: പദ്ധതികളുമായി ഇടഞ്ഞ് ചൈനീസ് കമ്പനികള്‍

ബെയ്ജിംഗ്: ലോകപൊലീസാകാനായി ചൈന നടപ്പാക്കുന്ന ബെല്‍റ്റ് റോഡ് പദ്ധതിയുടെ മുഖ്യ ഭാഗമായ ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) പ്രതിസന്ധിയില്‍. സിപിഇസിയുടെ ഭാഗമായ പദ്ധതികള്‍ നടപ്പാക്കുന്ന ചൈനീസ് കമ്പനികള്‍ ഇത് സംബന്ധിച്ച ആശങ്ക ചൈനീസ് സര്‍ക്കാരിനെ അറിയിച്ച് കഴിഞ്ഞു. പദ്ധതിയില്‍ തുടരുന്നത് വലിയ റിസ്‌ക്കാണെന്നാണ് ചൈനീസ് കമ്പനികളുടെ പക്ഷം. ആദ്യമായാണ് ചൈനീസ് സ്ഥാപനങ്ങല്‍ സിപിഇസിയുമായി ബന്ധപ്പെട്ട് പരസ്യമായി എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത്.   

മേഖലയിലുള്ള തങ്ങളുടെ ആസ്ഥാനങ്ങള്‍ മാറ്റി കുറച്ചുകൂടി സുരക്ഷിത സ്ഥലങ്ങളിലാക്കുമെന്നും ചൈനീസ് കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈന കമ്യൂണിക്കേഷന്‍സ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഭാഗമായ ചൈന ഹാര്‍ബര്‍ എന്‍ജിനീയറിംഗ് കോര്‍പ്പറേഷന്‍ ഈ വിഷയത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ സുരക്ഷാ പശ്ചാത്തലം, ബ്യൂറോക്രാറ്റിക് പ്രശ്‌നങ്ങള്‍, അനുമതികള്‍ക്കുള്ള കാലതാമസം, ചൈനീസ് വിരുദ്ധ വികാരം തുടങ്ങിയവ വലിയ വെല്ലുവിളി ഉയര്‍ത്തുന്നുവെന്നാണ് ആക്ഷേപം. 

പാക്കിസ്ഥാന്‍ അധീന കശ്മീരിലൂടെ കടന്നുപോകുന്ന സിപിഇസി പദ്ധതി ഇന്ത്യയുടെ അഖണ്ഡതയെ തന്നെ വെല്ലുവിളിക്കുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ പദ്ധതിയുമായി ബന്ധപ്പെട്ട എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനയുടെ ബെല്‍റ്റ് റോഡ് സംരംഭത്തില്‍ ചേരാനുള്ള സമ്മര്‍ദത്തെ അതിജീവിച്ച് തുറന്ന എതിര്‍പ്പുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ രംഗത്തെത്തിയതും സിപിഇസി പദ്ധതിയിലുള്ള അതൃപ്തി കാരണമാണ്. ചൈന ഏറെ സമ്മര്‍ദം ചെലുത്തിയിട്ടും ഇന്ത്യ ബെല്‍റ്റ് റോഡ് പദ്ധതിയില്‍ ചേര്‍ന്നിരുന്നില്ല.

Author

Related Articles